അങ്കാര: തുര്‍ക്കിയിലെ ബഹുനില റിസോര്‍ട്ടില്‍ വന്‍ തീപ്പിടിത്തം. 66 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോലു പ്രവിശ്യയിലെ ഗ്രാന്റ് കര്‍ത്താല്‍ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. 12 നില കെട്ടിടത്തില്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്ന നിലയിലാണ് തീപ്പിടിത്തമുണ്ടായത്. വളരെ പെട്ടന്നുതന്നെ തീ മറ്റ് നിലകളിലേക്കും പടര്‍ന്നു. ഫയര്‍ ഡിറ്റക്ക്ഷന്‍ സംവിധാനം പരാജയപ്പെട്ടതാണ് തീ വ്യാപിക്കുന്നതിനിടയാക്കിയത്.
കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് വിനോദസഞ്ചാരികളുടെ പ്രധാനതാമസസ്ഥലമായ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഹോട്ടലിലുണ്ടായിരുന്നവര്‍ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ വ്യാപിച്ച ഹോട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.