ന്യൂഡല്‍ഹി: ഇന്ത്യയിലെ അഞ്ച് ഭാഷകള്‍കൂടി ക്ലാസിക്കല്‍ പദവിയിലേക്ക്. കേന്ദ്രമന്ത്രിസഭയാണ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, ആസാമീസ് എന്നീ അഞ്ച് ഭാഷകള്‍ക്ക് കൂടി ക്ലാസിക്കല്‍ ഭാഷ പദവി നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. ഈ മന്ത്രിസഭാ തീരുമാനത്തോടെ, പദവിയുള്ള ഭാഷകളുടെ എണ്ണം ആറില്‍ നിന്ന് 11 ആയി വര്‍ധിക്കും.
തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകള്‍ക്കായിരുന്നു നിലവില്‍ ക്ലാസിക്കല്‍ പദവിയുള്ളത്. 2013ലാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിച്ചത് 2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതം, 2008ല്‍ കന്നഡ, തെലുങ്കിനും പദവി ലഭിച്ചു. 2014ല്‍ ഒഡിയയം ഈ പട്ടികയില്‍ ഇടംനേടി. ഇത്രയും ഭാഷകള്‍ക്ക് ഒരുമിച്ച് ക്ലാസിക്കല്‍ പദവി ലഭിക്കുന്നത് ആദ്യമായിട്ടാണ്.
ക്ലാസിക്കല്‍ പദവി ലഭിക്കുന്നതോടെ ഈ പുരാതന ഭാഷകളുടെ ഗവേഷണത്തിനും സംരക്ഷണത്തിനും പുതിയ വഴികള്‍ തുറക്കും. ആസാമീസിനെ ക്ലാസിക്കല്‍ ഭാഷയായി ഉള്‍പ്പെടുത്തിയതില്‍ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നന്ദി രേഖപ്പെടുത്തി.
”ആസാമീസിന് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കാനുള്ള ചരിത്രപരമായ തീരുമാനത്തിന് ആസാമിലെ ജനങ്ങള്‍ക്ക് വേണ്ടി, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്കും മുഴുവന്‍ കേന്ദ്ര മന്ത്രിസഭയ്ക്കും ഞാന്‍ നന്ദി അറിയിക്കുന്നു,” ശര്‍മ്മ എക്‌സില്‍ കുറിച്ചു.
”ഇത് കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ച ആസാമിന്റെ തനതായ നാഗരിക വേരുകളെ ഉദാഹരണമാക്കുന്നു. ഇന്നത്തെ തീരുമാനത്തിലൂടെ, നമ്മുടെ പ്രിയപ്പെട്ട മാതൃഭാഷയെ മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയും, അത് നമ്മുടെ സമൂഹത്തെ ഒന്നിപ്പിക്കുക മാത്രമല്ല, പുരാതന ജ്ഞാനവുമായി അഭേദ്യമായ ബന്ധമായി മാറുകയും ചെയ്യും.”- അദ്ദേഹം പറഞ്ഞു.