പത്തനംതിട്ട : മദ്ധ്യ തിരുവിതാംകൂർ കാർഷിക, പുഷ്‌പമേള ഇന്ന് മുതൽ 19 വരെ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത്, സെൻട്രൽ ട്രാവൻകൂർ ഡെവലപ്മെന്റ് കൗൺസിൽ, കോഴഞ്ചേരി അഗ്രിഹോർട്ടി സൊസൈറ്റി, കേന്ദ്ര കൃഷിവിജ്ഞാന കേന്ദ്രം, സെന്റ് തോമസ് കോളേജ് അലുംമ്‌നി അസോസിയേഷൻ, വ്യാപാരിവ്യവസായി ഏകോപന സമിതി കോഴഞ്ചേരി യൂണിറ്റ്, പഞ്ചായത്തുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള. 9 ന് വൈകിട്ട് ആറിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 6.30ന് കലാസന്ധ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്‌ഘാടനം ചെയ്യും. ഊട്ടിമോഡൽ പുഷ്പമേള, കുട്ടികൾക്ക് കളിക്കാൻ അമ്യൂസ്‌മെന്റ് പാർക്കുകൾ, കന്നുകാലി പ്രദർശനം, ഡോഗ്ഷോ, വിവിധ വിഷയങ്ങളിൽ ദേശീയ സെമിനാറുകൾ, ദിവസവും വൈകിട്ട് കലാസന്ധ്യ, സാംസ്‌കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, കാർഷിക സസ്യ വ്യാവസായിക സ്റ്റാളുകൾ, ഫുഡ്‌കോർട്ടുകൾ എന്നിവ ഉണ്ടായിരിക്കും. 11ന് രാവിലെ 9ന് സ്‌കൂൾ കുട്ടികളുടെ കലാമത്സരങ്ങൾ മാർത്തോമ്മ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അഗ്രി ഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്‌ടർ ടി. തോമസ്, ജനറൽ കൺവീനർ പ്രസാദ് ആനന്ദഭവൻ, ശ്രീകുമാർ ഇരുപ്പക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു