27 December 2024

ശരീരത്തിന് ഊര്‍ജ്ജം പകരുന്നതിനാണല്ലോ നാം പ്രാഥമികമായി ഭക്ഷണം കഴിക്കുന്നത്. വിശപ്പ് അനുഭവപ്പെടുന്നതും ഇങ്ങനെ ശരീരം ആവശ്യം പ്രകടിപ്പിക്കുന്ന അവസ്ഥ തന്നെയാണ്. ഊര്‍ജ്ജം പകരാൻ മാത്രമല്ല, ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈറ്റമിനുകളോ ധാതുക്കളോ പ്രോട്ടീനോ ഒക്കെ പോലെയുള്ള അവശ്യഘടകങ്ങളും നാം കണ്ടെത്തുന്നത് ഭക്ഷണത്തിലൂടെ തന്നെ.

എന്നാല്‍ ഇങ്ങനെയുള്ള ആരോഗ്യപരമായ ലക്ഷ്യങ്ങള്‍ക്കല്ലാതെ സന്തോഷത്തിനും ആസ്വാദനത്തിനും വേണ്ടിയും ഭക്ഷണം കഴിക്കുന്നവരുണ്ട്. പക്ഷേ ആവശ്യത്തിലും അധികമായി ഭക്ഷണം കഴിക്കുന്നത് സ്വാഭാവികമായും വയറിനും ദോഷമാണ് ആരോഗ്യത്തിനും ദോഷമാണ്. ഈ ശീലം പതിവാണെങ്കില്‍ വണ്ണം കൂടുമെന്ന വെല്ലുവിളി വേറെയും. എന്തായാലും ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെങ്കില്‍ ചില കാര്യങ്ങള്‍ നാം നിര്‍ബന്ധമായും ശ്രദ്ധിക്കണം. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

സിനിമയോ വീഡിയോയോ കാണുന്നത്…

ഭക്ഷണം കഴിക്കുമ്പോള്‍ സിനിമയോ വീഡിയോയോ കാണുന്നത് അമിതമായി കഴിക്കുന്നതിലേക്ക് നയിക്കും. ഇത് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഭക്ഷണം നേരേ ചൊവ്വെ ചവച്ചരച്ച് കഴിക്കാതിരിക്കാനും ഇതൊരു കാരണമാകാറുണ്ട്. അതിനാല്‍ തന്നെ കഴിയുന്നതും ഭക്ഷണം കഴിക്കുമ്പോള്‍ സിനിമയോ മറ്റ് വീഡിയോകളോ കാണാതിരിക്കുക. ഇത് നിര്‍ബന്ധമാണെങ്കില്‍ ആദ്യമേ കഴിക്കേണ്ട അളവ് മാത്രം ഭക്ഷണം പാത്രത്തിലെടുത്ത് ബോധപൂര്‍വം സാവധാനം ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. എന്തെങ്കിലും കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് ശമിച്ചോ എന്നത് തലച്ചോറിന് മനസിലാകാതെ പോകുന്നതിനാലാണ് അമിതമായി കഴിക്കുന്നത്.

സ്ട്രെസുള്ളപ്പോള്‍ കഴിക്കുന്നത്…

ചിലര്‍ സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദങ്ങള്‍ ഉള്ളപ്പോള്‍ ഇതിനെ മറക്കാനോ മറികടക്കാനോ ഭക്ഷണത്തില്‍ അഭയം പ്രാപിക്കാറുണ്ട്. ഇതും അമിതമായി കഴിക്കുന്നതിലേക്ക് നയിക്കും. ‘സ്ട്രെസ് ഈറ്റിംഗ്’ എന്നൊരു വിശേഷണം തന്നെ ഇതിന് മാനസികാരോഗ്യ വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. സ്ട്രെസിനെ ഭക്ഷണത്തിലൂടെ മറികടക്കാൻ ശ്രമിക്കാതിരിക്കുക. ഇത് അമിതവണ്ണത്തിലേക്ക് എളുപ്പത്തില്‍ നയിക്കാം.

വിരസത മാറ്റാൻ കഴിക്കുന്നത്..

സ്ട്രെസിന്‍റെ കാര്യം പറഞ്ഞതുപോലെ തന്നെ ചിലര്‍ ‘ബോറടി’ അഥവാ വിരസത മറികടക്കാനും ഭക്ഷണം കഴിക്കാറുണ്ട്. ഈ ശീലവും അത്ര നല്ലതല്ല. ഇതും നേരത്തേ സൂചിപ്പിച്ചത് പോലെ അമിതമായി കഴിക്കുന്നതിലേക്ക് നയിക്കും.

പുറത്തുനിന്ന് കഴിക്കുമ്പോള്‍…

മിക്കവരും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം അധികം കഴിക്കാതെ പുറത്തുനിന്ന് വാങ്ങിക്കുന്നതോ പുറത്തുപോയി കഴിക്കുന്നതോ അമിതമാകാറുണ്ട്. അതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണം ഇടയ്ക്ക് വല്ലപ്പോഴുമാക്കുന്നതാണ് നല്ലത്.

വേഗത്തില്‍ കഴിക്കുന്നത്…

ഭക്ഷണം മുമ്പിലെത്തിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും നോക്കാതെ എളുപ്പത്തില്‍ അത് കഴിച്ചുതീര്‍ക്കുന്നവരുണ്ട്. ഈ ശീലവും അധികം കഴിക്കുന്നതിലേക്ക് നയിക്കും. കഴിയുന്നതും സമയമുള്ളതിന് അനുസരിച്ച് പതിയെ ഭക്ഷണം കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!