24 December 2024

ജോര്‍ജിയ:അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെപ്പ്. നാല് പേര്‍ മരിച്ചു. വൈന്‍ഡര്‍ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിര്‍ത്തത്. കുട്ടി പിടിയിലായതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അറ്റ്ലാന്റയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.23നാണ് വെടിവെപ്പുണ്ടായത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥി പതിനാലുകാരനായ കോള്‍ട്ട് ഗ്രേയാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നയുടനെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് അയച്ചതായി ബാരോ കണ്‍ട്രി ഷെരീഫ് ഓഫീസര്‍ പ്രസ്താവനയില്‍ അറിയിച്ചു.

14കാരനെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും ഏതുതരം തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. അര്‍ത്ഥശൂന്യമായ ദുരന്തമാണുണ്ടായിരിക്കുന്നതെന്ന് ബൈഡന്‍ പ്രതികരിച്ചു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രസിഡന്റ് അതീജീവിതര്‍ക്കൊപ്പമുണ്ടാകുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!