23 December 2024

130 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ജപ്പാനിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ മൗണ്ട് ഫുജിയില്‍ ഇത്തവണ മഞ്ഞില്ല. സാധാരണ രീതിയില്‍ ഒക്ടോബര്‍ മാസം ആകുമ്പോഴേക്കും ഫുജി മഞ്ഞില്‍ മൂടാറുണ്ട്. എന്നാല്‍ ഇത്തവണ ആദ്യമായി മഞ്ഞുവീഴ്ച ഇല്ലാത്തത് ജപ്പാനെ വലിയ രീതിയില്‍ ആശങ്കയിലാക്കിയിട്ടുണ്ട്. ജപ്പാനില്‍ ഇത്തവണ ഏറ്റവും ശക്തമായ ചൂടായിരുന്നു അനുഭവപ്പെട്ടത്. ഇതിന്റെ ഭാഗമായി തന്നെയാണ് ഇത്തരത്തില്‍ ഫുജിയില്‍ മഞ്ഞുവീഴ്ച ഇല്ലാത്തതിന്റെയും കാരണം.

ഇത്തവണ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ശരാശരിയെക്കാള്‍ 1.76 ഡിഗ്രി സെല്‍ഷ്യസ് അധിക ചൂടായിരുന്നു ജപ്പാനില്‍ അനുഭവപ്പെട്ടത്. സെപ്റ്റംബര്‍ മാസവും പലസ്ഥലങ്ങളിലും കഠിനമായ ചൂടായിരുന്നു അനുഭവപ്പെട്ടത്. ഇതോടെ കാലാവസ്ഥ വ്യതിയാനം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്നതാണ് ജപ്പാന്റെ പ്രധാന ആശങ്ക.

ഫുജി വര്‍ഷത്തില്‍ 5 മാസവും മഞ്ഞ് മൂടിക്കിടക്കുന്ന സ്ഥലമാണ്. കൂടാതെ ഇതൊരു സജീവ അഗ്‌നിപര്‍വ്വതം കൂടിയാണ്. 300 വര്‍ഷം മുന്‍പാണ് അവസാനമായി ഫുജിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടായത്.

വര്‍ഷംതോറും നിരവധി യാത്രക്കാരാണ് ഫുജി കാണാനായി എത്തുന്നത്. എന്നാല്‍ നിയന്ത്രണവിധേയമായി മാത്രമാണ് ഇവിടത്തേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്. ഇപ്പോള്‍ മഞ്ഞുവീഴ്ച കൂടി അനുഭവപ്പെടാതായതോടെ ഫുജിയിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടായേക്കും.

ജപ്പാനിലെ ഏറ്റവും ഉയരമേറിയതും പ്രശസ്തവുമായ പര്‍വതമാണ് ഫുജി. ജപ്പാന്റെ സംസ്‌കാരത്തില്‍ ഏറെ പ്രധാനപ്പെട്ട പര്‍വതമാണ്. ഇത് 3,776 മീറ്റര്‍ ഉയരമാണ് ഫുജിക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!