ഗസ്സ: വെടിനിർത്തലിന്‍റെ ആറാം ദിവസം ഇസ്രായേലും ഹമാസും കൂടുതൽ പേരെ മോചിപ്പിച്ചു. ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട കുട്ടികളടക്കം 30 ഫലസ്തീൻ വനിതകളെ വിട്ടയച്ചു. 10 ഇസ്രായേൽ പൗരന്മാരടക്കം 12 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്.
ഇതോടെ ഹമാസ് 81 ബന്ദികളെയും ഇസ്രായേൽ 180 തടവുകാരെയും മോചിപ്പിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇസ്രായേലും ഹമാസും നടത്തുന്ന അഞ്ചാമത് കൈമാറ്റമാണ് ഇന്ന് നടന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 10 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 30 ഫലസ്തീൻ തടവുകാരെ വിട്ടയക്കാനാണ് ധാരണയെന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന നാലു ദിവസ വെടിനിർത്തൽ, മധ്യസ്ഥ ചർച്ചകളെ തുടർന്ന് രണ്ടു ദിവസത്തേക്കുകൂടി ദീർഘിപ്പിക്കുകയായിരുന്നു. ഗസ്സയിൽ വെടിനിർത്തൽ നീട്ടാനും കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറുന്നതും സംബന്ധിച്ച് ഹമാസും ഇസ്രായേലും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ഹമാസ് ബന്ദികളാക്കിയ വനിതകളെയും അമ്മമാരെയും കുട്ടികളെയുമാണ് ഇതുവരെ മോചിപ്പിച്ചത്. വയോധികർ, വനിതാ സൈനികർ, സൈനികസേവനം ചെയ്യുന്ന സിവിലിയന്മാർ തുടങ്ങിയവരെ അടുത്തഘട്ടത്തിൽ മോചിപ്പിക്കുന്നതിനെ കുറിച്ചാണ് ചർച്ച നടക്കുന്നതെന്നാണ് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട്.