ഗസ്സ: അൽപനേരത്തേക്കവർ ബോംബുകൾ പൊട്ടുന്ന ഭയാനകശബ്ദം മറന്നു. ഇസ്രായേലി യുദ്ധവിമാനങ്ങളുടെ ഇരമ്പൽ മനസ്സിൽനിന്നകന്നു. ടാങ്കുകളിൽ നിന്നുയരുന്ന വെടിയൊച്ചകളും മനുഷ്യരുടെ ആർത്തനാദങ്ങളും നിലവിളികളും ഏതാനും സമയത്തേക്ക് അവർ മാറ്റിവെച്ചു. ചിരി മറന്ന ഗസ്സയിലെ ബാല്യങ്ങൾ അഭയാർഥിക്യാമ്പിന്റെ മുറ്റത്ത് എല്ലാംമറന്ന് ഓടിക്കളിച്ചു. പാട്ടുപാടിയും നൃത്തം ചെയ്യിച്ചും കളിപ്പിച്ചും അവരെ ചിരിപ്പിക്കുകയാണ് ഒരുകൂട്ടം സന്നദ്ധപ്രവർത്തകർ.
കളിക്കൂട്ടുകാരെയും മാതാപിതാക്കളെയും സഹോദരങ്ങളെയും കൺമുന്നിൽ ഇസ്രായേൽ കൊന്നൊടുക്കുന്നതിന്റെ ആഘാതം പേറുന്ന കുരുന്നുകളുടെ മാനസിക പിരിമുറുക്കം കുറക്കാനാണ് അഭയാർഥി ക്യാമ്പുകളിൽ അവർ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ട കുട്ടികളെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തിയാണ് ഇതിന് മുന്നിട്ടിറങ്ങിയത്.
ഖാൻ യൂനിസിലെ ജെനിൻ ബോയ്സ് സ്കൂളിൽ അഭയം തേടിയ കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കൊപ്പം സന്നദ്ധപ്രവർത്തകർ കളിചിരിയിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്സ് പങ്കുവെച്ചു. ചെറിയ സ്പീക്കറിൽ പാട്ട് വെച്ച് നൂറോളം കുരുന്നുകൾ അതിനുചുറ്റും വിവിധ കളികളിൽ ഏർപ്പെടുന്നതാണ് വിഡിയോയിലുള്ളത്.
“യുദ്ധഭൂമിയിലെ ജീവിതം ഗസ്സയിലെ കുട്ടികളിൽ ഉണ്ടാക്കുന്ന നെഗറ്റീവ് എനർജി പുറന്തള്ളാനാണ് ഞങ്ങളുടെ ശ്രമം. അതിന് അവരെ സഹായിക്കാനാണ് ഞങ്ങൾ കളികളും പാട്ടുകളും ഡാൻസുകളും കുട്ടികൾക്കായി സംഘടിപ്പിക്കുന്നത്” -വളന്റിയറായ ഡാലിയ എൽവിയ റോയിട്ടേഴ്സിനോട് പറഞ്ഞു.
“കുഞ്ഞുമക്കളുടെ ഈ കളിചിരി കാണുമ്പോൾ അവരുടെ മാതാപിതാക്കളിലും സന്തോഷം നിറയും. തങ്ങളുടെ മക്കളെ സന്തോഷിപ്പിക്കാൻ അവരും ഞങ്ങൾക്കൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്’ -എൽവിയ പറഞ്ഞു.
അതിനിടെ, ഐക്യരാഷ്ട്രസഭ ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പുകൾ അവഗണിച്ച് ഗസ്സയിൽ ആശുപത്രികൾക്ക് നേരെയും വീടുകൾക്ക് നേരെയും ക്രൂരമായ ആക്രമണം തുടരുകയാണ് ഇസ്രായേൽ അധിനിവേശ സേന. കഴിഞ ദിവസം വടക്കൻ ഗസ്സയിലെ അൽ അവ്ദ ആശുപത്രിയിലേക്കും ഗസ്സ സിറ്റിയിലെ അൽ അഹ്ലി ആശുപത്രിയിലേക്കും ഇരച്ചുകയറിയ ഇസ്രായേലി ടാങ്കുകൾ കെട്ടിട ഭാഗങ്ങൾ തകർത്തു.
വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ പിടിച്ചുകൊണ്ടുപോയി. രോഗികൾക്ക് ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാത്തവിധം രണ്ട് ആശുപത്രികളും സൈന്യം വളഞ്ഞിരിക്കുകയാണ്. ഖാൻ യൂനുസിലെ നാസർ ആശുപത്രിക്കുനേരെയും 48 മണിക്കൂറിനിടെ രണ്ടുതവണ ബോംബാക്രമണം നടത്തി.
ആശുപത്രികളെ നിരന്തരം ലക്ഷ്യംവെക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ നടപടിയിൽ രോഷം പ്രകടിപ്പിച്ച ലോകാരോഗ്യ സംഘടന വക്താവ് ഡോ. മാർഗരറ്റ് ഹാരിസ് ഗസ്സയിൽ നടക്കുന്നത് വിശ്വസിക്കാവുന്നതിനും അപ്പുറമുള്ള ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ടു. ജബലിയയിലും റഫയിലും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്.