26 December 2024

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട് ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. ഇവയെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാാനും രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുമാണ് ശ്രമം. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി ക്രമം അനുസരിച്ച് ശിക്ഷാ നടപടികളും സ്വീകരിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ബില്ല് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്കയും ഇതിന് പിന്നാലെ സജീവമായിട്ടുണ്ട്.

നിശ്ചിത പരിധിയില്‍ അധികം ഫോളോവേര്‍സുള്ള യൂട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബില്‍ പാസായി ഒരു മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടി വരും. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്,ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെ ത്രിതല റെഗുലേറ്ററി സംവിധാനത്തിന്റെ കീഴിലാക്കും.

ഈ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ സ്വന്തം നിലയില്‍ ഉള്ളടക്കം സംബന്ധിച്ച് ആഭ്യന്തര പരിശോധന നടത്തുന്നതിന് സമിതിയെ വെക്കേണ്ടി വരും. തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ വെളിപ്പെടുത്താത്ത സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ക്രിമിനല്‍ നടപടിക്രമം ബാധകമാകും. വാര്‍ത്തകള്‍ പങ്കുവെക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളും ബില്‍ പാസായി ഒരു മാസതത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇവരെയും ത്രിതല റെഗുലേറ്ററി സംവിധാനത്തിന്റെ കീഴിലാക്കും.

ബില്ലിന്റെ കരട് ബ്രോഡ്കാസ്റ്റര്‍മാര്‍, അസോസിയേഷനുകള്‍, സ്ട്രീമിങ് സര്‍വീസ് കമ്പനികള്‍, പ്രധാന ടെക് കമ്പപനികള്‍ എന്നിവയുടെ അഭിപ്രായം തേടാനായി കൈമാറിയിട്ടുണ്ട്. ഓരോ പേര്‍ക്കും ചോര്‍ച്ച തടയുകയെന്ന ലക്ഷ്യത്തോടെ വ്യത്യസ്ത കോപ്പിയാണ് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ബില്ല് ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ സ്ഥാപനങ്ങളുടെ പരിശോധനയ്ക്കായി കൈമാറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!