കൊച്ചി: മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പ്രൊസിക്യൂഷന്‍ അപ്പീല്‍ നല്‍കും. സെഷന്‍സ് കോടതി വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാകും അപ്പീല്‍. അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുന്‍കൂര്‍ ജാമ്യ ഉത്തരവെന്ന് വിലയിരുത്തല്‍.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കും. പതിനഞ്ച് വര്‍ഷം പഴക്കമുള്ള കേസെന്ന ലാഘവത്തോടെ കാണാനാകില്ല. വിശദമായ മുന്‍കൂര്‍ ജാമ്യ ഉത്തരവ് പരിധി വിട്ട ഉത്തരവെന്നും സര്‍ക്കാര്‍ വിലയിരുത്തല്‍. 19 പേജില്‍ കേസിലെ വസ്തുതകള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നില്ലെന്നും കേസിന്റെ വിശദമായ വിലയിരുത്തല്‍ ഈ ഘട്ടത്തില്‍ അനിവാര്യമായിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ നല്‍കുന്ന അപ്പീലില്‍ ചൂണ്ടിക്കാട്ടും.
ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ ബെഞ്ചാണ് മുകേഷിന് ജാമ്യം അനുവദിച്ചിരുന്നത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധമെന്ന സൂചന പരാതിക്കാരിയുടെ മൊഴിയിലില്ലെന്നാണ് മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ പറയുന്നത്. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയിലും മാധ്യമങ്ങളോട് പറഞ്ഞതിലും വൈരുധ്യമുണ്ട്. ലൈംഗിക പീഡനത്തിന് ഇരയായത് 2009ലെന്നാണ് പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴി. ദൃശ്യമാധ്യമത്തിലെ ഇന്റര്‍വ്യൂവില്‍ പരാതിക്കാരി ആവര്‍ത്തിച്ചത് സംഭവം 2013ല്‍ എന്നാണ്. സമൂഹത്തിന്റെ വികാരത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നു.