അബുദാബി: പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ്. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കുമാണ് പ്രതിദിന സര്‍വീസുകള്‍ തുടങ്ങിയത്. ഇതോടെ ഈ സെക്ടറുകളില്‍ 363 സീറ്റുകള്‍ കൂടി പ്രതിദിനം അധിമായി ലഭിക്കും.
നേരത്തെ നിലവിലുണ്ടായിരുന്നതും പിന്നീട് കൊവിഡ് കാലത്ത് നഷ്ടമാവുകയും ചെയ്ത സീറ്റുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ഇത്തിഹാദ് സര്‍വീസുകളുടെ എണ്ണം പത്തായി വര്‍ദ്ധിച്ചു. പ്രതിവാരം 2541 സീറ്റുകളാണ് പുതിയ രണ്ട് സര്‍വീസുകളോടെ ഈ സെക്ടറില്‍ അധികമായി വരുന്നത്. ടിക്കറ്റ് നിരക്കിലും ഇതിന്റെ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് പുലര്‍ച്ചെ 3.20നാണ് അബുദാബിയില്‍ നിന്ന് പുറപ്പെടുന്നത്. രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്ത് എത്തും. തിരികെ 10.05ന് തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട് 12.55ന് അവിടെ എത്തും. എട്ട് ബിസിനസ് ക്ലാസ് സീറ്റുകള്‍ ഉള്‍പ്പെടെ ആകെ 198 സീറ്റുകളായിരിക്കും ഈ വിമാനത്തിലുണ്ടായിരിക്കുക.
കോഴിക്കോടുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് അബുദാബിയില്‍ നിന്ന് പുറപ്പെടും. രാത്രി 7.55നാണ് കോഴിക്കോട് എത്തുന്നത്. രാത്രി 9.30ന് തിരികെ പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.05ന് ആയിരിക്കും അബുദാബിയില്‍ എത്തുന്നത്. എട്ട് ബിസിനസ് ക്ലാസ് സീറ്റുകള്‍ ഉൾപ്പെടെ 165 സീറ്റുകളാണ് ഈ വിമാനത്തില്‍ ഉണ്ടാവുക. ദുബൈയില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അബുദാബിയിലേക്ക് ബസ് സൗകര്യവും ഏര്‍പ്പെടുത്തും. വിമാനം പുറപ്പെടുന്ന സമയമനുസരിച്ച് ബസുകള്‍ ദുബൈയില്‍ നിന്ന് പുറപ്പെടും. ബസ് ടിക്കറ്റ് തുക കൂടി കൂട്ടിച്ചേര്‍ത്തും വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.