24 December 2024

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ആധ്യാത്മിക പരിപാടിയ്ക്കിടെ നൂറിലേറെ പേര്‍ മരിച്ചത് ആത്മീയ നേതാവിന് പിന്നാലെ വിശ്വാസികള്‍ കൂട്ടത്തോടെ ചെറിയ വഴിയിലൂടെ ഇറങ്ങാന്‍ ശ്രമിച്ചതുകൊണ്ടെന്ന് ദൃക്സാക്ഷികള്‍. ഭോലെ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന നാരായണ്‍ സാഗര്‍ ഹരിയെന്ന ആത്മീയ നേതാവിന്റെ സത്സംഗത്തിനാണ് ലക്ഷക്കണക്കിന് പേര്‍ തടിച്ചുകൂടിയത്. പരിപാടിയ്ക്കുശേഷം ഭോലെ ബാബയ്ക്ക് പിന്നാലെ ഇടുങ്ങിയ വഴിയിലൂടെ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച ഭക്തര്‍ നിലത്തുനിന്നും മണ്ണ് ശേഖരിക്കുന്നതിനിടെ മറിഞ്ഞുവീണത് അപകടത്തിനിടയാക്കിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.


മൂന്ന് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത പരിപാടിയായിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ മതിയായ സംവിധാനങ്ങളോ പൊലീസ് സേവനമോ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഭക്തര്‍ക്ക് തിരിച്ചിറങ്ങാന്‍ ഇടുങ്ങിയ ഒറ്റ വഴി മാത്രമാണ് ഉണ്ടായിരുന്നത്. ആളുകള്‍ പ്രവേശിക്കുന്നതും തിരിച്ചിറങ്ങുന്നതും നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. തിക്കിലും തിരക്കിലും പെട്ട് ചിലര്‍ താഴെ വീഴുകയും പിന്നാലെ വന്നവര്‍ അവര്‍ക്ക് മുകളിലേക്ക് വീഴുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായത്.

മന്ത്രി സന്ദീപ് സിംഗ് അപകടസ്ഥലം സന്ദര്‍ശിച്ചു. പരുക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. നിലവില്‍ 107 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ഹാത്രസില്‍ നിന്നും അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. അപകടമെങ്ങനെ സംഭവിച്ചു എന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവരെ ഹാത്രസിലേയും എറ്റയിലേയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹാത്രസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുകയാണെന്ന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിരുന്നു. പുറത്തുവരുന്ന വിഡിയോകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരോ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. മരിച്ചവരെ മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!