മലപ്പുറം: കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാദ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി റിപ്പോര്‍ട്ടറിനോട്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍ സിപിഐഎമ്മും ബിജെപിയുമാണെന്നും ദീപാദാസ് മുന്‍ഷി ആരോപിച്ചു.
കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ഉപയോഗിക്കുന്ന ഈ കത്ത് സിപിഎമ്മിന്റെ പ്രൊപഗാന്റ എന്നാണ് ദീപാദാസ് മുന്‍ഷി ആരോപിക്കുന്നത്. കെ സുധാകരനും വിഡി സതീശനുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും സാധാരണ നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.
സ്ഥാനാര്‍ത്ഥി വിഷയവുമായി ബന്ധപ്പെട്ട് ഇനിയൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞതോടെ ഈ ചോദ്യം തന്നെ അപ്രസക്തമാണെന്നും ദീപാ ദാസ് മുന്‍ഷി ് പറഞ്ഞു.
അതേസമയം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തിന് ആധികാരികതയില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു. ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റില്‍ വി ടി ബല്‍റാമും കെ മുരളീധരനുമൊക്കെയുണ്ട്. ഇപ്പോള്‍ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കത്ത് പുറത്തുവന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ല. നാഥനില്ലാത്ത കത്ത് അവഗണിക്കേണ്ടതാണ്. ആര്‍ക്ക് വേണമെങ്കിലും കത്ത് തയ്യാറാക്കാമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സരിന്‍ ഇപ്പോള്‍ ഞങ്ങളെ കുറ്റം പറയുകയാണ്. എപ്പോള്‍ വേണമെങ്കിലും സിപിഐഎമ്മിനെയും കുറ്റം പറയാമെന്നും എ തങ്കപ്പന്‍ വിമര്‍ശിച്ചു.