നാവിൽ കപ്പലോടുന്ന രുചിയേറിയ ഭക്ഷണത്തിനായുള്ള നെട്ടോട്ടത്തിലാണ് നാം ഓരോരുത്തരും. അറേബ്യൻ ഭക്ഷണങ്ങൾ കേരളക്കരയിൽ ഇടംപിടിച്ചതോടെ മുക്കിലും മൂലയിലും അൽഫാമും ഷവർമയും ഷവായും സുലഭമാണ്. എന്നിരുന്നാലും നാടൻ ഭക്ഷണങ്ങൾക്ക് ആവശ്യക്കാർ ഇന്നും ഏറെയാണ്. അതിൻറെ തെളിവാണ് പാതയോരങ്ങളിലെ വീട്ടിലെ ഊണ്. തോരൻ , പപ്പടം, അച്ചാർ, പച്ചക്കറി, മീൻ കറി, ഓംലെറ്റ്, ചിക്കൻ വിഭവങ്ങൾ തൂശനിലയിലെ നല്ല നാടൻ ചോറും ഓർക്കുമ്പോഴേ നാവിൽ കപ്പലോടും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത്തരം ഹോട്ടലുകൾ വിപണി കീഴടക്കി കഴിഞ്ഞു. വൈകുന്നേരങ്ങളിൽ മാത്രംപ്രവർത്തിക്കുന്ന തട്ടുകടകളും ധാരളമുണ്ട്.
കുഴിമന്തിയാണ് താരം
ഫ്രൈഡ് റൈസിന്റെ സുവർണ്ണ കാലഘട്ടത്തിലാണ് മലയാളക്കരയിലേക്ക് കുഴിമന്തി എത്തുന്നത്. പേര് കേട്ട് മലയാളികൾക്ക് മൂപ്പരെ അത്ര പിടിച്ചില്ല. എന്നാൽ മന്തിയും അൽഫാമും വന്നതോടെ ഇപ്പോൾ മൂപ്പരാണ് നാട്ടിലെ താരം. ബർത്ത് ഡേ , വിവാഹം, സൽക്കാരം തുടങ്ങി എല്ലാ ആഘോഷകളിലും മുന്നിലുണ്ട് മന്തി. അതും പല രുചിഭേദങ്ങളോടെ. കേരളത്തിൽ മലപ്പുറത്തും കോഴിക്കോടുമാണ് കുഴിമന്തിയുടെ പ്രധാനയിടം. രുചി മാത്രമല്ല കൊഴുപ്പ് കുറഞ്ഞ ഭക്ഷണം എന്നതുകൊണ്ടുതന്നെയാണ് ഇത് എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നത്.
യെമൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മന്തി വളരെ പ്രശസ്തമായിരുന്നു. യെമനിലെ തെക്കൻ മേഖലയായ ഹദ്രമോട്ടിൽ നിന്നാണ് മന്തി ഉടലെടുത്തത്. യെമനിൽ വളരെപ്പഴയ സാംസ്കാരിക മേഖലയായ ഇവിടത്തെ ആളുകൾ ഹദ്രാമികളെന്നാണ് അറിയപ്പെടുന്നത്.
ജീവിക്കുന്നെങ്കിൽ ആരോഗ്യത്തോടെ ജീവിക്കണം അതിന് നല്ല ആഹാരങ്ങൾ കഴിക്കണം. എന്നാൽ പലപ്പോഴും നാം കഴിക്കുന്ന ആഹാരം തന്നെ നമുക്ക് വിനയായി മാറാറുണ്ട്. അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ നഷ്ടപ്പെട്ട നമ്മുടെ ആരോഗ്യം വീണ്ടെടുക്കാം. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ആരോഗ്യം നോക്കാൻ സമയം കിട്ടാറില്ല. അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം പലരെയും നിത്യ രോഗികളാക്കി മാറ്റുന്നു. അതുകൊണ്ട് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ആരോഗ്യത്തെ മറക്കരുത്