ഇടുക്കി: ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചതിനെ തുടർന്ന് വൃക്ക മാറ്റി വയ്ക്കാനുള്ള ലക്ഷങ്ങൾ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഇടുക്കി മുണ്ടിയെരുമ സ്വദേശി വിനോദ് മാധവൻ. പണിയെടുക്കാനാകാതെ കിടപ്പിലായതോടെ ഡയാലിസിലിനുള്ള പണം കണ്ടെത്താനും മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടേണ്ട ഗതികേടിലാണ് കുടുംബം.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഡ്രൈവറായിരുന്ന വിനോദിന് പെട്ടെന്ന് ശരീരം മുഴുവൻ നീരുവച്ചത്. പ്രമേഹം ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിദഗ്ദ്ധ പരിശോധനയിൽ വൃക്കകൾ രണ്ടും 97 ശതമാനവും തകരാറിലായെന്ന് കണ്ടെത്തി. ആറു മാസത്തിനകം വ്യക്ക മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ വിധിച്ചു. അതുവരെ ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്താനും നിർദ്ദേശിച്ചു. ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചായിരുന്നു ഡയാലിലിസ് നടത്തിയിരുന്നത്.
ചികിത്സക്കും ആശുപത്രിയിൽ പോകാനുള്ള ചെലവും മറ്റും താങ്ങാനാകാതെ വന്നതോടെ മുരിക്കാശ്ശേരിയിൽ വെച്ചാണ് നിലവിൽ ഡയാലിസിസ് നടത്തുന്നത്. ഒരു തവണ പോയി വരാൻ 3500 രൂപയിലധികം വേണം. ഈ തുക കണ്ടെത്താൻ കഴിയാത്തതിനാൽ ഡയാലിസിസ് പോലും മുടങ്ങുന്ന അവസ്ഥയിലായിലാണ് കുടുംബം. വൃക്ക മാറ്റി വയ്ക്കുന്നതിനും തുടർ ചികിത്സക്കുമായി 30 ലക്ഷം രൂപയെങ്കിലും വേണം. കടയിലെ ചെറിയ ജോലിയിൽ നിന്നും ഭാര്യക്ക് കിട്ടുന്ന ശമ്പളം മാത്രമാണ് ഏക വരുമാനം. വൃക്ക മാറ്റി വയ്ക്കാൻ സുമനസുക്കളായ ആരെങ്കിലുമൊക്കെ സഹായിക്കുമെന്ന വിശ്വാസത്തിലാണ് വിനോദും കുടുംബവുമിപ്പോൾ ജീവിക്കുന്നത്.