വണ്ണം കുറയ്ക്കുന്ന കാര്യത്തിൽ എല്ലാവരും വ്യായാമത്തിന് വളരെയധികം ഊന്നൽ നൽകുന്നു. എന്നാൽ നിങ്ങൾ
കഴിക്കുന്ന ഭക്ഷണങ്ങളും ശരീരഭാരം കുറയ്ക്കുന്നതിന് തുല്യമായ പങ്കു വഹിക്കുന്ന ഒരു പ്രധാന ഘടകമാണ്. അതിനാൽ, ശരീരഭാരം കുറയ്‌ക്കുവാനായി ശ്രമിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് പഴങ്ങൾ. പോഷകങ്ങളും ഫൈബറും അടങ്ങിയ പഴവർഗങ്ങൾവണ്ണം കുറയ്ക്കാനും സഹായിക്കും. കലോറിയും ഇവയ്ക്ക് കുറവാണ്. ഏറ്റവും ആരോഗ്യകരമായ രീതിയിൽ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ പരിചയപ്പെടാം.
തണ്ണിമത്തൻ…
തടി കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ കഴിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ 90 ശതമാനം വെള്ളമുണ്ട്. 100 ഗ്രാം തണ്ണിമത്തനിൽ 30 കലോറി മാത്രമേ അടങ്ങിയിട്ടുണ്ട്. കൂടാതെ, തണ്ണിമത്തനിൽ അർജിനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഓറഞ്ച്…
വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഓറഞ്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കലോറി കുറവും, പൊട്ടാസ്യം, ധാതുക്കൾ, ഫോളേറ്റ്, ഫൈബർ എന്നിവയാൽ സമ്പന്നവുമായിരിക്കുന്നതിനാൽ ഓറഞ്ച് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച പഴമായി മാറുന്നു. പേരയ്ക്ക…
പ്രോട്ടീൻ, നാരുകൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പേരയ്ക്ക. ഇത് വയർ നിറയ്ക്കുകയും അമിതവണ്ണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പൂർണ്ണമായും പഴുത്ത പേരയ്ക്കയിൽ പഞ്ചസാരയുടെ അളവും കുറവാണ്.
മാമ്പഴം…
നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയുടെ ഗുണം നിറഞ്ഞ പോഷകസമൃദ്ധമായ പഴമാണിത്. ശരീരഭാരം കുറയ്ക്കാൻ മാമ്പഴം പഞ്ചസാര ചേർക്കാതെ ജ്യൂസായോ അല്ലാതെയോ കഴിക്കാം.