കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്ക് നാളെ (ജൂലൈ 19 വെള്ളി) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളും പിഎസ്‌സി പരീക്ഷകളും നടക്കും. കളക്ടര്‍ അവധി തീരുമാനം പ്രിന്‍സിപ്പല്‍മാര്‍ക്ക് വിട്ടു കൊടുത്തതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നാളത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി തീരുമാനം പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയതില്‍ അധ്യാപകര്‍ക്ക് ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
ഇതോടെ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കനത്ത മഴയെ തുടര്‍ന്ന് അവധി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, വയനാട്, പാലക്കാട്എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴിക്കോട് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കും മാത്രം അവധിയാണ്. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്ക്, ചിന്നക്കനാല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം, വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ തുടരുകയാണ്. സംസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് 2 പേര്‍ മരിച്ചു. മഞ്ചേരിയിലെ പാറമടയില്‍ കാണാതായ ഒഡീഷ സ്വദേശി ഡിസ്‌ക് മാന്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവില്‍ താറാവ് കര്‍ഷകനും മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദന്‍ ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം പുഴകളില്‍ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കണ്ണൂരും വയനാടും കാസര്‍കോടും റെഡ് അലര്‍ട്ട് തുടരുകയാണ്.
നാളെ കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.