മലബാറില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. മലപ്പുറത്ത് ദേശീയ പാതയില്‍ മണ്ണിടിഞ്ഞും കാസര്‍കോട് ദേശീയ പാതയില്‍ വെള്ളക്കെട്ട് കാരണവും ഏറെ നേരം ഗതാഗതം മുടങ്ങി. പലയിടങ്ങളിലും മരം കടപുഴകി വീണും മണ്ണിടിഞ്ഞും വീടുകള്‍ക്കടക്കം വ്യാപക നാശനഷ്ടമുണ്ടായി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനങ്ങള്‍ വൈകി. അബുദാബി, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളമുണ്ടാക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ വൈകിട്ടാണ് കനത്ത മഴ തുടങ്ങിയത്. ചാറ്റല്‍മഴയായി ഇന്ന് രാവിലെയും മഴ തുടരുകയാണ്. മാവൂര്‍ തെങ്ങിലക്കടവ് ആയംകുളത്ത് റോഡ് പൂര്‍ണമായും പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. നിരവധി കുടുംബങ്ങള്‍ ഇതേ തുടര്‍ന്ന് ഒറ്റപ്പെട്ടു. തൃശ്ശൂര്‍ കോഴിക്കോട് ദേശീയപാതയില്‍ കാക്കഞ്ചേരിക്ക് സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഏറെ നേരെ ഗതാഗത തടസ്സമുണ്ടായി. മണ്ണ് മാറ്റിയതിന് ശേഷം പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. കാസര്‍ക്കോട് ദേശീയപാതയ്ക്ക് സമീപം പുല്ലൂര്‍ – പെരിയ റോഡിലും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം ഉണ്ടായി. ഇന്നലെ രാത്രി പെയ്ത മഴയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു.
കൊയിലാണ്ടി കൊല്ലംചിറക്ക് സമീപം ഹോട്ടലിനു മുന്‍പില്‍ മരത്തിന്റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കോഴിക്കോട് ബാലുശേരി വീവേഴ്‌സ് കോളനിയില്‍ വെള്ളം കയറിയതിനാല്‍ 35 പേരെ മാറ്റിപ്പാര്‍പ്പിച്ചു. തൊട്ടടുത്ത ഗവ എല്‍പി സ്‌കൂളിലേക്കാണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്.
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളത്. സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായുമാണ് ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നത്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം മെയ് 24 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുന മര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.