ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. പൂര്‍ണ്ണമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ ഗുരുതര വെളിപ്പെടുത്തലുകളാണ് കണ്ടെത്തിയിരിക്കുന്നത്.
മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വരുന്ന വാക്ക് വിട്ടുവീഴ്ചയെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിമര്‍ശനം. ഭീഷണിക്ക് വഴങ്ങി കിടക്ക പങ്കിടേണ്ടി വരുന്നവരില്‍ നടിമാര്‍ മുതല്‍ വനിത ടെക്നീഷ്യന്മാര്‍ വരെ ഉണ്ട്. ചില പെണ്‍കുട്ടികളുടെ അമ്മമാര്‍ വരെ ഇതിന് കൂട്ടു നില്‍ക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്.