24 December 2024

തമിഴക വെട്രി കഴകത്തിന്റെ (TVK) ആദ്യ സമ്മേളന വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് ദളപതി വിജയ്. കൈ ഉയര്‍ത്തി കൂപ്പിക്കൊണ്ട് ‘എന്നോടെ ഉയിര്‍ വണക്കങ്ങള്‍’ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. നാമെല്ലാവരും സമമാണെന്നും സയന്‍സും ടെക്ക്‌നോളജിയും മാത്രം മാറിയാല്‍ പോര രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു.

സാമൂഹ്യനീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യമിടുന്നതെന്നും. സാമൂഹ്യനീതി, സമത്വം, മതേതരത്വം എന്നതാണ് പാര്‍ട്ടി നയമെന്നും വിജയ് വ്യക്തമാക്കി.സ്ത്രീസമത്വത്തിന് ഊന്നല്‍ നല്‍കുമെന്നും മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കും ഇത് 50% ആയി ഉയര്‍ത്തുമെന്നും പറഞ്ഞു. രാഷ്ട്രീയത്തില്‍ താനൊരു കുട്ടിയാണെന്നും എന്നാല്‍ പാമ്പിനെ കണ്ടാലും ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനും നീയുമല്ല നമ്മള്‍’ ധീര വനിതകളും തന്റെ വഴികാട്ടിയെന്ന് വിജയ്.

അതേസമയം തമിഴ്‌നാട്ടില്‍ ഹിന്ദി വേണ്ടെന്ന നിലപാടും പാര്‍ട്ടി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ തമിഴും ഇംഗ്ലീഷും മതി. കൂടുതല്‍ വ്യവസായങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തിക്കുമെന്നും പ്രഖ്യാപിച്ചു.

ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്ന് തമിഴ്‌നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയില്‍ നടക്കുന്നത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികള്‍ വരവേറ്റത്. വിജയ് യുടെ അമ്മയും അച്ഛനും അടക്കമുള്ളവര്‍ വേദിയിലുണ്ട്. തമിഴ്‌നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയില്‍ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടക്കുന്നത്.55,000 സീറ്റുകളാണ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയിരിക്കുന്നത്. വിജയ് ഉള്‍പ്പെടെയുള്ള വിഐപികള്‍ക്ക് പ്രവേശന കവാടം മുതല്‍ വേദിവരെ വരാന്‍ പ്രത്യേകം ഇടനാഴി ഒരുക്കിയിട്ടുണ്ട്. വിജയ്ക്ക് വേദിയില്‍ നിന്നും 600 മീറ്റര്‍ റാംപിലൂടെ നടന്നാണ് പാര്‍ട്ടി അണികളെ അഭിവാദ്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!