23 December 2024

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 900 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്‌ബോള്‍ താരം എന്ന റെക്കോഡ് ആണ് അദ്ദേഹം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഫെബ്രുവരി 5ന് 40 വയസ്സ് തികയുന്ന റൊണാള്‍ഡോ 908 ഗോളുകളുമായി കായിക ചരിത്രത്തിലെ ടോപ്പ് സ്‌കോററാണ്. കൂടാതെ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്പിഎഫ്) കളിക്കാര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അവാര്‍ഡായ ക്വിനാസ് ഡി പ്ലാറ്റിന ട്രോഫിയും സ്വന്തമാക്കി.

തന്റെ അവസാന ഘട്ട ഫുട്‌ബോള്‍ യാത്രകള്‍ ഇപ്പോള്‍ ആസ്വദിക്കുകയാണ് അദ്ദേഹം. ആയിരം ഗോളുകള്‍ നേടി രാജകീയമായി പടിയിറങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റൊണാള്‍ഡോ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍, ആയിരം ഗോള്‍ തികയ്ക്കാന്‍ എനിക്ക് ഏറെക്കാലം ബാക്കിയില്ലെന്നും അദേഹം പറയുന്നു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച ഗാല ക്വിനാസ് ഡി ഔറോയില്‍ പ്ലാറ്റിനം ക്വിനാസ് സ്വീകരിച്ചതിന് ശേഷമായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.

‘ഞാന്‍ ഇപ്പോള്‍ എന്റെ ജീവിതത്തെ ഈ നിമിഷത്തില്‍ ജീവിക്കുന്നു. എനിക്ക് ഇനി ദീര്‍ഘകാലത്തെകുറിച്ച് ചിന്തിക്കാന്‍ കഴിയില്ല’, പോര്‍ച്ചുഗീസ് കളിക്കാര്‍ക്ക് ലഭ്യമായ ഏറ്റവും ഉയര്‍ന്ന ബഹുമതി ഏറ്റുവാങ്ങി റൊണാള്‍ഡോ പറഞ്ഞു.

‘എനിക്ക് 1000 ഗോളുകളില്‍ നേടണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം എളുപ്പമാണെന്ന് തോന്നുന്നു. കഴിഞ്ഞ മാസം ഞാന്‍ 900ല്‍ എത്തി. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ എന്റെ കാലുകള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. ഞാന്‍ 1000 ഗോളുകള്‍ നേടിയാല്‍, അത് കുഴപ്പമില്ല. പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ലെങ്കിലും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരന്‍ ഞാന്‍ തന്നെയാണ്’, റൊണാള്‍ഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!