ലെബനനില്‍ ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ല കമ്മാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് സംഭവം. ഹിസ്ബുല്ലയുടെ റദ്വാന്‍ യൂണിറ്റ് തലവന്‍ ഇബ്രാഹിം അഖിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും 17 പേര്‍ക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലയുടെ സൈനിക ഓപ്പറേഷനുകളുടെ തലവനാണ് അഖില്‍ എന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വടക്കന്‍ ഇസ്രായേലിനെ ആക്രമിക്കുന്നതെന്നും ഇസ്രായേല്‍ ആരോപിച്ചു. ഹിസ്ബുല്ല തലവന്‍ ഹസ്സന്‍ നസ്‌റുല്ലയുമായി അടുത്ത ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ട ഇബ്രാഹിം അഖില്‍.
ഇബ്രാഹിം അഖില്‍ 1980കളിലാണ് ഹിസ്ബുല്ലയുടെ ഭാഗമാകുന്നത്. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങള്‍ക്ക് ഇബ്രാഹിം അഖിലായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. വിവിധ രാജ്യങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ അഖിലിന് പങ്കുള്ളതായും ഇസ്രായേല്‍ ആരോപിക്കുന്നു. ഇസ്രായേലില്‍ ആക്രമണം നടത്താനുള്ള ചുമതലയുള്ള റദ്‌വാന്‍ ഫോഴ്‌സിന്റെ കമാന്‍ഡറും അഖിലാണെന്നുമാണ് ഇസ്രായേലിന്റെ വാദം. ഇദ്ദേഹം. അതിനാല്‍ തന്നെ അഖിലിന്റെ മരണം ഹിസ്ബുല്ലക്ക് വലിയ തിരിച്ചടിയാണ്.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ബെയ്‌റൂട്ടില്‍ ഇത് മൂന്നാം തവണയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഗാസയില്‍ നിന്ന് ഇസ്രയേലിന്റെ ആക്രമണം ലെബനനിലേക്ക് മാറിയിട്ടുണ്ട്. ജൂലൈയില്‍ ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ ഹിസ്ബുല്ലയുടെ കമ്മാന്‍ഡര്‍ ഫൗദ് ഷുഖ്ര്‍-നെ കൊലപ്പെടുത്തിയിരുന്നു. അതിന് മുന്‍പ് ജനുവരിയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ നേതാവ് സലേ അല്‍ അരൂരിയാണ് ഇവിടെ വച്ച് കൊല്ലപ്പെട്ടത്.