മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഐസിഎംആര്‍. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ആഹാര ശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നല്‍കിയ പതിനേഴിന മാര്‍ഗനിര്‍ദേശങ്ങളിലാണ് മദ്യപാന ശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്. മദ്യത്തില്‍ അടങ്ങിയ ഈതൈല്‍ ആല്‍ക്കഹോള്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനത്തെ മുന്‍നിര്‍ത്തി ഐസിഎംആര്‍ പറയുന്നത്.
ബിയറില്‍ രണ്ടുമുതല്‍ അഞ്ചുശതമാനം വരെയും വൈനില്‍ എട്ടുമുതല്‍ പത്തുശതമാനം വരെയും ബ്രാന്‍ഡി, റം, വിസ്‌കി എന്നിവയില്‍ മുപ്പത് മുതല്‍ നാല്‍പത് ശതമാനം വരെയുമാണ് ഈതൈല്‍ ആല്‍ക്കഹോള്‍ ഉള്ളത്. മദ്യത്തിലൂടെ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറില്‍ കൊഴുപ്പടിയുന്നതിന് കാരണമാകുകയും ചെയ്യുമെന്നും ഐസിഎംആര്‍ പറയുന്നു.
മദ്യ ഉപയോഗം കൂടുന്നതിനൊപ്പം വിശപ്പ് കുറയും, ഇത് പോഷകങ്ങള്‍ ശരീരത്തിലെത്തുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇതുവഴി ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. മദ്യോപയോഗം കൂടുന്നതിലൂടെ ശരീരത്തിലേക്ക് ഈതൈല്‍ ആല്‍ക്കഹോള്‍ കൂടുതലെത്തുന്നത് ഹൈപ്പര്‍ടെന്‍ഷന്‍, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അര്‍ബുദങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. ഹൃദയത്തിന്റെ പേശികള്‍ ക്ഷയിക്കുന്നതിനും ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിനും ലിവര്‍ സിറോസിസിനും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകുമെന്നും ഐസിഎംആര്‍ പറയുന്നു.