25 December 2024

തിരുവനന്തപുരം: ഐസിആര്‍ടി ഇന്ത്യ ചാപ്റ്ററിന്റെ 2024 ലെ ‘ഉത്തരവാദിത്ത ടൂറിസം അവാര്‍ഡുകള്‍’ പ്രഖ്യാപിച്ചപ്പോള്‍ കേരള ടൂറിസം ഒന്നാം സ്ഥാനത്ത്. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്. ഈ വര്‍ഷത്തെ ഗോള്‍ഡ് അവാര്‍ഡ് എംപ്ലോയിങ്ങ് ആന്റ് അപ് സ്‌കില്ലിങ് ലോക്കല്‍ കമ്യൂണിറ്റി എന്ന കാറ്റഗറിയിലാണ് ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ലഭിച്ചത്.

ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രകാരം ബേപ്പൂരിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ബേപ്പൂരിന്റെ ചരിത്രവും സംസ്‌കാരവും പ്രകൃതി മനോഹാരിതയും കോര്‍ത്തിണക്കിയാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. പ്രത്യേക ടൂറിസം ഗ്രാമസഭകള്‍ സംഘടിപ്പിച്ചു. ടൂറിസം റിസോഴ്സ് മാപ്പിംഗ്, റിസോഴ്സ് ഡയറക്ടറി എന്നിവ തയ്യാറാക്കി. കമ്മ്യൂണിറ്റി ടൂര്‍ പാക്കേജുകള്‍, സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം, സ്ട്രീറ്റ് പദ്ധതി എന്നിവ ആരംഭിച്ചു.

പ്രാദേശികമായി നാനൂറോളം പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഇതിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് വിവിധ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രോല്‍സാഹനം നല്‍കി. ബേപ്പൂരിലെ മെഴുകുതിരി യൂണിറ്റ് അറിയപ്പെടുന്ന ബ്രാന്‍ഡ് ആയി മാറി. കൂടാതെ കരകൗശല നിര്‍മ്മാണം, തനത് ഭക്ഷണ വിഭവങ്ങളുടെ വിപണനം തുടങ്ങിയ മേഖലകളിലും സംരംഭങ്ങള്‍ ഉയര്‍ന്നുവന്നു. വീട്ടമ്മമാര്‍ക്ക് ഉള്‍പ്പെടെ വരുമാനം ലഭ്യമാകുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് ബേപ്പൂരില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന് ഐ.സി.ആര്‍.ടി ഗോള്‍ഡ് അവാര്‍ഡ് ലഭിക്കുന്നത്. 2022 – ല്‍ 4 ഗോള്‍ഡ് അവാര്‍ഡുകളും 2023 ല്‍ ഒരു ഗോള്‍ഡ് അവാര്‍ഡും ഉത്തരവാദിത്ത ടൂറിസം മിഷന്‍ നേടിയിരുന്നു. ഇതോടെ തുടര്‍ച്ചയായി 3 വര്‍ഷവും വിവിധ കാറ്റഗറികളില്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയ രാജ്യത്തെ ഏക സര്‍ക്കാര്‍ ഏജന്‍സിയായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ മാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!