കട്ടപ്പന: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പന സഹകരണ സൊസൈറ്റിക്ക് മുന്നിൽ വ്യാപാരിയായ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. സാബുവിന്റെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്ന കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലാർക്ക് സുജ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയി ജോസ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാബുവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ മുൻ ബാങ്ക് പ്രസിഡന്റും മുൻ ഏരിയാ സെക്രട്ടറിയുമായ വി.ആർ. സജിക്കെതിരെ കേസെടുത്തിട്ടുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയില്ല. ഈ മൂന്ന് ജീവനക്കാരെയും ബാങ്ക് ഡയറക്ടർ ബോർഡ് രാവിലെ സസ്പെൻഡ് ചെയ്തിരുന്നു. ജീവനക്കാരുടെ ഭാഗത്ത് വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർ മൂന്നു പേർക്കെതിരെയും സാബുവിന്റെ കുടുംബവും ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് പ്രസിഡന്റ് എം.ജെ. വർഗീസിന്റെ അദ്ധ്യക്ഷതയിൽ ഡയറക്ടർ ബോഡിയോഗം ചേർന്ന് നടപടിയെടുത്തത്. നേരത്തെ അസ്വഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരുന്നത്