24 December 2024

ന്യൂഡല്‍ഹി: വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് നിരവധിപേരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച 69കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയും ഡല്‍ഹിയിലെ മുന്തിയ വാസസ്ഥലമായ ഗ്രേറ്റര്‍ കൈലാഷ്-1ലെ താമസക്കാരനുമായ അനില്‍ കത്യാല്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മണിപ്പൂര്‍ കേഡറില്‍ 1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഇയാള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്നീ പദവികള്‍ താന്‍ വഹിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. പോകുന്നിടത്തെല്ലാം അനില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന പരിചയപെടുത്തലില്‍ ജൂനിയര്‍ പോലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹി മുതല്‍ ദുബായ് വരെ ഇയാളുടെ തട്ടിപ്പിന്റെ നിരനീളുന്നു. ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വവിദ്യാര്‍ഥിയായ അനില്‍ അവിടെ നിന്ന് കെമിസ്ട്രിയിലാണ് ബിരുദമെടുത്തത്. ശേഷം യുപിഎസ് സി പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് യുഎസിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് എടുക്കാന്‍ ശ്രമിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതിന് ശേഷം ഹിന്ദുസ്ഥാന്‍ യൂണിലിവറിലും യമഹയിലും വോഡഫോണിലും ജോലി ചെയ്തു. വോഡഫോണിലെ കോര്‍പ്പറേറ്റ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ജോലിയില്‍ നിന്ന് വിരമിച്ചു. ഡല്‍ഹിയിലെ സമ്പന്നരുടെ ഏരിയയായ ജികെ-1ലെ ബംഗ്ലാവില്‍ താമസിക്കുന്ന മികച്ച സാമ്പത്തിക ശേഷിയുള്ളയാള്‍ എന്തിനാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് പോലീസിനെ കുഴയ്ക്കുന്ന ചോദ്യം.

അനിലിനെതിരേ സംശയം തോന്നിയെങ്കിലും അയാളുടെ പ്രായം പരിഗണിച്ച് കടുത്ത നടപടി സ്വീകരിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍, ഇയാളുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇയാള്‍ കബളിപ്പിച്ച് ജോലി ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇയാള്‍ തനിക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെടുന്നതും പതിവാണ്.

പോലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചത് എങ്ങനെ?

ഏറെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ തന്റെ ബന്ധങ്ങള്‍ ഇയാള്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ഗാസിയാബാദ് എസിപി ദിനേഷ് പി പറഞ്ഞു. സാധാരണക്കാരായ ആളുകളെയും പോലീസ് ഉദ്യോഗസ്ഥരെയും ഇയാള്‍ കബളിപ്പിച്ചിരുന്നു. ”ഇയാളുടെ ഫോണും ബാങ്ക് ഇടപാടുകളും ഞങ്ങള്‍ പരിശോധിച്ച് വരികയാണ്. എത്ര പേരെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ടെന്നും എത്ര പണം ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ട്,” എസിപി പറഞ്ഞു.

കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറിന്റെ കോളേജിലെ സീനിയറാണെന്ന് അവകാശപ്പെട്ട് ഇയാള്‍ വിദേശകാര്യമന്ത്രാലയത്തിലും എത്തിയിരുന്നു.വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ദുബായ് കോടീശ്വരന്‍ ബല്‍വീന്ദര്‍ സിംഗ് സാഹ്നിയ്ക്ക് വേണ്ടി അനില്‍ ഇടപെടല്‍ നടത്തിയിരുന്നു. സാഹ്നിയോട് ഇയാള്‍ പണം ആവശ്യപ്പെട്ടതിന്റെ തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പിടിക്കപ്പെട്ടതെങ്ങനെ?

അനിലിന്റെ അമിത ആത്മവിശ്വാസമാണ് പിടിയിലാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വഞ്ചനാക്കേസില്‍ ഇയാളുടെ സുഹൃത്ത് വിനോദ് കപൂറിനെതിരേ അടുത്തിടെ ഗാസിയാബാദ് ഇന്ദിരാപുരത്തെ ഒരു പോലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലും ഗ്വാളിയോര്‍ എയര്‍ബേസിലും പണി നടത്തിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയാണ് വിനോദ്. ഇയാളെ കേസില്‍ നിന്ന് രക്ഷിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉപദേഷ്ടാവാണെന്ന് പരിചയപ്പെടുത്തിയാണ് പോലീസ് ഉദ്യോഗസ്ഥരെ അനില്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് താന്‍ എന്നും ഇയാള്‍ പോലീസുദ്യോഗസ്ഥരോട് പറഞ്ഞു. പോലീസ് സ്റ്റേഷന്‍ മേധാവിയെയും മറ്റ് ഉദ്യോഗസ്ഥരെയും സമ്മര്‍ദത്തിലാക്കാനും അവരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു

തന്റെ സുഹൃത്തിന്റെ അന്യായമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞ അനില്‍ പോലീസുകാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ചൊവ്വാഴ്ച ഗാസിയാബാദ് പോലീസ് കമ്മിഷണറുടെ ഓഫീസില്‍ എത്തി.ഐപിഎസ് ഓഫീസറായി ചമഞ്ഞ് ചിലരെയും അയാള്‍ ഒപ്പം കൊണ്ടുവന്നിരുന്നു. തനിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ചതി മണത്തു. ”1979ലെ ഐപിഎസ് ബാച്ചില്‍ അനിലിന്റെ പേരുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ തിരഞ്ഞു. എന്നാല്‍ പട്ടികയില്‍ അനിലിന്റെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു,” പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വഞ്ചന, കര്‍ത്തവ്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!