പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 25നാണ് പൊങ്കാല. അന്നേ ദിവസം പുലര്‍ച്ചെ 4:30ന് നട തുറക്കും. പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, അഭിഷേകം, ദീപാരാധന, ഉഷപൂജ, പന്തീരടിപൂജ, ശുദ്ധപുണ്യാഹം തുടങ്ങിയ ചടങ്ങുകള്‍ക്കുശേഷം രാവിലെ 10:30ന് അടുപ്പുവെട്ട് നടക്കുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2:30ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം നടക്കും. തുടര്‍ന്ന് ദീപാരാധന നടക്കും.
പൊങ്കാല അര്‍പ്പിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പും ചെണ്ടമേളവും കേട്ടശേഷം മാത്രമേ പൊങ്കാല അടുപ്പില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചു പൊങ്കാല അടുപ്പുകള്‍ക്ക് പച്ചക്കട്ടകള്‍ ഉപയോഗിക്കാതിരിക്കാനും പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുവരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പൊങ്കാലനിവേദ്യം തയ്യാറാക്കുന്ന സ്ഥലത്തുവെച്ചുതന്നെ നിവേദിക്കണം എന്നതാണ് ആചാരം. അതിനാല്‍ പൊങ്കാല നിവേദിച്ചതിനുശേഷം മാത്രമേ നിവേദ്യം കൊണ്ടുപോകാന്‍ പാടുള്ളൂ. ക്ഷേത്രപരിസരത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലും ക്ഷേത്രംവക പുരടിയങ്ങളിലും ധാരാളം സ്ഥലം സൗകര്യപ്പെടുത്തിയിട്ടുള്ളതിനാല്‍ ക്ഷേത്രത്തില്‍നിന്നു നിവേദിക്കുന്നതിനുള്ള സൗകര്യത്തെ പരിഗണിച്ചു ക്ഷേത്രത്തിന് സമീപപ്രദേശങ്ങളില്‍ മാത്രമേ ഭക്തജനങ്ങള്‍ പൊങ്കാലയിടാന്‍ പാടുള്ളൂ. പൊതുവഴികളില്‍ യാതൊരു കാരണവശാലും പൊങ്കാല ഇടാന്‍ പാടില്ല.
പൊങ്കാല നിവേദിക്കുന്ന അവസരത്തില്‍ വളണ്ടിയര്‍മാരില്‍ ചിലര്‍ നിര്‍ബന്ധമായി പണം വാങ്ങുന്നതായി ട്രസ്റ്റിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് നിരുത്സാഹപ്പെടുത്തണം.ട്രസ്റ്റിന്റെ അപേക്ഷ പ്രകാരം, സ!ര്‍ക്കാര്‍ ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം പോലീസിന്റെ സഹായം, മെഡിക്കല്‍ ടീമിന്റെ സേവനം, ശുദ്ധ ജലലഭ്യത, വൈദ്യുതി സൗകര്യം, ഫയര്‍ ഫോഴ്‌സ് സേവനം, ഗതാഗത സൗകര്യം, ടോയ്‌ലറ്റ് സൗകര്യം, ശുചീകരണസേവനം തുടങ്ങിയവ ഏ!ര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ സന്ദര്‍ഭത്തില്‍ ഭക്തജനങ്ങള്‍ക്ക് വളണ്ടിയര്‍മാരുടെയോ പോലീസ് ഉദ്യോഗസ്ഥരുടെയോ ട്രസ്റ്റ് പബ്ലിസിറ്റി വിഭാഗത്തിന്റെയോ സഹായം തേടാം.