26 December 2024

അതിതീവ്ര ഉഷ്ണതരംഗത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ഗ്രീസ്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി അസഹനീയമായ ചൂടാണ് ഗ്രീസില്‍ അനുഭവപ്പെട്ടത്. വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണക്കാറ്റിന്റെ ഫലമായി താപനില 43 ഡിഗ്രി പിന്നിട്ടതോടെ അക്രോപോളിസ് ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ദിവസം തന്നെ അടച്ചുപൂട്ടി. രാജ്യത്തെ പ്രൈമറി സ്‌കൂളുകളും നഴ്‌സറികളും അടക്കാനും അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.ഈ വര്‍ഷം സാധാരണയിലും നേരത്തെയാണ് ഗ്രീസില്‍ ഉഷ്ണതരംഗം ഉണ്ടായിരിക്കുന്നത്. തലസ്ഥാന നഗരിയായ ആതന്‍സലാണ് സ്ഥിതി രൂക്ഷമായത്. ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങളാണ് കൂടുതലും അടച്ചത്.

അക്രോപോളിസിലേക്ക് കയറാനുള്ള ടിക്കറ്റിനായി ക്യൂവില്‍ നിന്ന സഞ്ചാരികളില്‍ പലരും ചൂടില്‍ തലകറങ്ങി വീഴുകയുണ്ടായി. ഇതോടെയാണ് ഇതുള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. പ്രദേശവാസികളോട് പരമാവധി വീടുകളില്‍ നിന്ന് ജോലികള്‍ ചെയ്യാനും പുറത്തിറങ്ങുന്നത് കുറയ്ക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രീറ്റ് ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ചാനിയ നഗരത്തിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 44.5 ഡിഗ്രി രേഖപ്പെടുത്തിയത്. ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം നേരിയ ഭൂചലനവുമുണ്ടായി. 42 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയ ആതന്‍സിന്റെ മധ്യഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയതു. ആതന്‍സിന് പുറമെ ക്രീറ്റിലെയും മറ്റനേകം ദ്വീപുകളിലേയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്. നല്ല കാറ്റുള്ളതിനാല്‍ കാട്ടുതീ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!