ദരിദ്ര രാജ്യങ്ങളില്‍ ഭക്ഷ്യ-പാനീയ കമ്പനികള്‍ ആരോഗ്യ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ് വില്‍പ്പന നടത്തുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. ലോകത്തിലെ പ്രമുഖ ഭക്ഷ്യ-പാനീയ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നുമാണ് ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ നല്ല ഉല്‍പ്പന്നങ്ങളും വരുമാനം കുറവുള്ള രാജ്യങ്ങളില്‍ ആരോഗ്യ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളുമാണ് ഇവര്‍ വില്‍ക്കുന്നത്. പെപ്‌സികോ, നെസ്ലെ, യൂണിലിവര്‍ എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികള്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളാണ് പഠനവിധേയമാക്കിയത്. ആക്‌സസ് ടു ന്യൂട്രീഷന്‍ ഇനിഷ്യേറ്റീവ് പ്രസിദ്ധീകരിച്ച ആഗോള സൂചികയുടെ ഭാഗമായിട്ടായിരുന്നു ഈ കമ്പനികളുടെ ഉത്പന്നങ്ങള്‍ വിലയിരുത്തിയത്. ഇതില്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ സ്‌കോറാണ് ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റത്തില്‍ ലഭിച്ചിരിക്കുന്നത്. ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റത്തില്‍ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യകരമാണോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. ഇതില്‍ അഞ്ച് സ്റ്റാര്‍ സ്‌കോറാണ് ലഭിക്കുന്നതെങ്കില്‍ മികച്ച ഉല്‍പ്പന്നമായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ 3.5 നു മുകളിലുള്ള സ്‌കോര്‍ വന്നാലും അത് ആരോഗ്യകരമായി കണക്കാക്കും. എന്നാല്‍ അതില്‍ താഴെയുള്ള ഉല്‍പ്പന്നങ്ങള്‍ എല്ലാം ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളല്ല. ഈ പരിശോധനയില്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റത്തില്‍ 1.8 സ്‌കോര്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഉയര്‍ന്ന വരുമാന രാജ്യങ്ങളിലുള്ള ഇവരുടെ സ്‌കോര്‍ 2.3 ആണ്. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നതോടെ ഇതില്‍ പ്രതികരണവുമായി പ്രമുഖ കമ്പനികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനും കൂടുതല്‍ സമീകൃതമായ ആഹാരത്തിലേക്ക് ആളുകളെ നയിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നാണ് നെസ്ലെ പ്രതികരിച്ചത്. എന്നാല്‍ പെപ്‌സികോ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറായില്ല.