ബെയ്റൂട്ട്: ലെബനാനില്‍ സ്ഫോടന പരമ്പരയില്‍ എട്ട് വയസുകാരി പെണ്‍കുട്ടി ഉള്‍പ്പെടെ എട്ട് മരണം. 2750 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ 200 ഓളം പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ലെബനാനിലെ ഇറാന് അംബാസഡറും ഉള്‍പ്പെടുന്നുണ്ട്. ഇറാന് അംബാസഡറായ മൊജ്താബ അമാനിക്കാണ് പരിക്കേറ്റത്. അതേസമയം മരണസംഖ്യ ഉയര്‍ന്നേക്കാനാണ് സാധ്യത.
ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം ആസൂത്രിതമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്ന് വിശേഷിപ്പിച്ച ഹിസ്ബുള്ള ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ആരോപിച്ചു.
ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഭിന്നത ഏറെക്കാലമായി രൂക്ഷമായി നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന 1000ത്തിലേറെ പേജര്‍ മെഷീനുകള്‍ ഒരേസമയം ലെബനോനിന്റെ വിവിധ ഭാഗങ്ങളിലായി പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ള അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
ഹിസ്ബുള്ളയുടെ നേതാക്കള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. സ്ഫോടനത്തിന് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ഹിസ്ബുള്ള അറിയിച്ചു. പേജറിന്റെ ഏറ്റവും പുതിയ മോഡലാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലാണ് ഹിസ്ബുള്ള ഇവ വാങ്ങിയത്.