ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൊത്തം 26 ഹര്‍ജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയില്‍ വരിക. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണോ എന്നതിലടക്കം പരമോന്നത കോടതി ഇന്ന് വ്യക്തത നല്‍കിയേക്കും. ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കെ സോളിസിറ്റര്‍ ജനറലുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തി. കേസില്‍ തീര്‍പ്പ് വരുന്നത് വരെ കൗണ്‍സലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.
നീറ്റ് പരീക്ഷ റദ്ദാക്കണം, ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അന്വേഷണം വേണം എന്നതടക്കം 26 ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നില്‍ എത്തുന്നത്. പുനഃപരീക്ഷ വേണ്ട എന്ന് ചൂണ്ടിക്കാട്ടിയും ചിലര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. കൗണ്‍സിലിംഗ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹര്‍ജിക്കാരില്‍ ചിലര്‍ ഉന്നയിച്ചെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല. കോടതി നല്‍കിയ നോട്ടീസില്‍ കേന്ദ്രവും എന്‍ ടി എയും പരീക്ഷ റദ്ദാക്കുന്നത് പ്രയോഗിക നടപടിയാകില്ലെന്ന് മറുപടി നല്‍കിയിരുന്നു. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുള്ള നടപടികളിലേക്ക് കടന്ന സര്‍ക്കാരിന് ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാണ്.
അതേസമയം കോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചാണ് സോളിസിറ്റര്‍ ജനറലുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച ചെയ്തതെന്നാണ വിവരം. ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയെ ആകെ ബാധിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കോടതി കേസ് പരിഗണിക്കാനിരിക്കെ കഴിഞ്ഞ ദിവസം നീറ്റ് കൗണ്‍സിലിംഗില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിരുന്നു. നീറ്റ് യു ജി കൗണ്‍സിലിംഗ് ഈമാസം 20 ന് ശേഷമേ ശേഷമേ ഉണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആകെ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ കൗണ്‍സിലിംഗിനുള്ള കമ്മറ്റിക്ക് വിവരം നല്‍കേണ്ടതുണ്ട്. കേസില്‍ തീര്‍പ്പ് വരുന്നത് വരെ കൗണ്‍സലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.