24 December 2024

ദില്ലി: നരേന്ദ്ര മോദിയെ കാണുന്നതില്‍ സന്തോഷമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിങ് പറഞ്ഞു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളാണ് കൂടിക്കാഴ്ച്ചയില്‍ നടന്നത്. ബ്രിക്‌സ് ഉച്ചകോടിയിലാണ് ഷി ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചര്‍ച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടക്കുന്നത്.

ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചര്‍ച്ച ചെയ്യണമെന്നും ഷി ജിന്‍പിങ് പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദിയും ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ ധാരണ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ബന്ധം നന്നാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണെന്നും പറഞ്ഞു. ചര്‍ച്ചയിലൂടെ അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനായതില്‍ ഇരു നേതാക്കളും സന്തുഷ്ടി അറിയിച്ചു. അതേസമയം, ഇന്ത്യ- ചൈന പ്രത്യേക പ്രതിനിധികള്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച തുടരും. രണ്ടു രാജ്യങ്ങളും പരസ്പരസഹകരണത്തിനുള്ള വഴികള്‍ ആലോചിക്കും. തന്ത്രപ്രധാന ആശയവിനിമയം പുനസ്ഥാപിക്കും. ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ക്കിടയിലും ചര്‍ച്ച നടക്കും.

അതേസമയം, ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനില്‍ ഇന്നലെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉജ്വല സ്വീകരണമാണ് നല്‍കിയത്. ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യുക്രൈമായുള്ള സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് മോദി പുടിനോട് ആവശ്യപ്പെട്ടത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി നടന്ന കൂടിക്കാഴ്ചക്കിടയിലെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്കിടയിലെ ഒരു രംഗമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. പുടിനും മോദിയും തമ്മിലുള്ള സംഭാഷണത്തിനിടയില്‍ പുടിന്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വര്‍ണിക്കുന്ന വീഡിയോ ആണ് ഇത്. മോദിയോടൊപ്പമുള്ള ചര്‍ച്ചക്ക് പരിഭാഷയുടെ ആവശ്യം വരില്ലെന്നും അത്രയേറെ ആഴത്തിലുള്ള ബന്ധമാണ് തമ്മിലുള്ളതെന്നുമാണ് പുടിന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്. ഇത് കേട്ട് മോദി സന്തോഷമടക്കാനാകാതെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇരുവരും പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൃഷ്ണഭജന്‍ പാടിയാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്. കസാനിലെ ഹോട്ടല്‍ കോര്‍സ്റ്റണില്‍ എത്തിയ മോദിയെ ഭജന്‍ പാടി സ്വീകരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികളെ അഭിവാദ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!