23 December 2024

ഒട്ടാവ: ഇന്ത്യൻ വിദ്യാർത്ഥിയെ കാനഡയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാണ സ്വദേശിയായ ചിരാഗ് അന്തിൽ(24)നെയാണ് സൗത്ത് വാൻകൂവറിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

പ്രദേശത്തുനിന്ന് വെടിയൊച്ച കേട്ടതോടെ സമീപവാസികളാണ് രാത്രി 11 മണിയോടെ പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ വെടിയേറ്റനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

2022-ലാണ് ചിരാഗ് കാനഡയിലെ വാൻകൂവറിലെത്തിയത്. അടുത്തിടെ കാനഡ വെസ്റ്റ് സർവകലാശാലയിൽനിന്ന് എം.ബി.എ. പൂർത്തിയാക്കിയ ചിരാഗിന് ഈയിടെ വർക്ക് പെർമിറ്റും ലഭിച്ചിരുന്നു.

അതേസമയം, സംഭവദിവസം പോലും ചിരാഗുമായി ഫോണിൽ സംസാരിച്ചിരുന്നതായി ഹരിയാണയിലുള്ള സഹോദരൻ റോമിത് അന്തിൽ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സന്തോഷവാനായാണ് ചിരാഗ് സംസാരിച്ചത്. ആരുമായോ തർക്കങ്ങളോ പ്രശ്നങ്ങളോ ഇല്ല. അവൻ വളരെ സൗമ്യനായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.

ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ വിദേശകാര്യ മന്ത്രാലയം കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കണമെന്ന് എൻ.എസ്.യു. ദേശീയ പ്രസിഡന്റ് വരുൺ ചൗധരിയും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അന്വേഷണപുരോഗതി വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!