സൗദി അറേബ്യയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സൗദിയിലെ മികച്ച തൊഴില്‍ സാഹചര്യത്തില്‍ കൂടുതല്‍ ഇന്ത്യന്‍ സ്ത്രീകള്‍ സൗദിയിലേക്ക് എത്തുന്നതായി രാജ്യത്തെ മാനവവിഭവശേഷി സാമൂഹിക വികസനമന്ത്രാലയം അറിയിച്ചു. സൗദിയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
2024ലെ കണക്കനുസരിച്ച് 24 ലക്ഷം ഇന്ത്യന്‍ തൊഴിലാളികളാണ് സൗദിയില്‍ താമസിക്കുന്നത്. ഇതില്‍ 16 ലക്ഷം പേര്‍ സ്വകാര്യ മേഖലയിലും 7.85 ലക്ഷം പേര് വീട്ടുജോലിയിലുമാണ് ഉള്ളത്. സൗദിയില്‍ ഏറ്റവും കൂടുതലുള്ളത് ബംഗ്ലാദേശില്‍ നിന്നുള്ള പ്രവാസികളാണ്. സൗദി അറേബ്യയിലെ തൊഴില്‍ വിപണിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് മന്ത്രാലയ വക്താവ് പറഞ്ഞു.
‘സമഗ്രമായ പരിഷ്‌കാരങ്ങള്‍, ജോലി സ്ഥലത്തുനിന്നുള്ള പിന്തുണ, നൈപുണ്യ വികസനത്തിലെ നിക്ഷേപം എന്നിവ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സ്വാഗതാര്‍ഹമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു,’ വക്താവ് കൂട്ടിച്ചേര്‍ത്തു. ‘സ്ത്രീകള്‍ക്കു മാത്രമുള്ള ഗതാഗതസംവിധാനവും ശിശുസംരക്ഷണ മാര്‍ഗങ്ങളും ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ തൊഴില്‍ തേടുന്ന ഇന്ത്യന്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നു. പ്രൊഫഷണലും വ്യക്തിപരവുമായ ആഗ്രഹങ്ങള്‍ അവര്‍ പിന്തുടരുമ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാന്‍ അവരെ പ്രാപ്തരാക്കുന്നു,’ പിടിഐയോട് വക്താവ് പറഞ്ഞു.
സൗദി അറേബ്യ അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒട്ടേറെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’റിക്രൂട്ട്മെന്റ് സമയത്ത് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനും, വിവരകൈമാറ്റം, സംയുക്തമായ അന്വേഷണങ്ങള്‍, നിര്‍ബന്ധിത സേവനം ചെറുക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി സൗദി ഉഭയകക്ഷി കരാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.