തിരുവനന്തപുരം: നാലു വർഷംകൊണ്ട് ബിരുദവും ബി.എഡും ലഭിക്കുന്ന ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം (ഐ.ടി.ഇ.പി) നടപ്പാക്കാൻ കേരളവും. ഹയർസെക്കൻഡറി പഠനത്തിനു ശേഷം നാലു വർഷംകൊണ്ട് ബി.എ/ ബി.എസ്സി/ ബി.കോം ബിരുദവും ബി.എഡും ലഭിക്കുന്ന പഠന രീതിയാണ് ഐ.ടി.ഇ.പി മുന്നോട്ടുവെക്കുന്നത്. കോഴ്സിനുള്ള പാഠ്യപദ്ധതി രൂപപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു.
സിംഗപ്പുർ നാഷനൽ യൂനിവേഴ്സിറ്റി മുൻ പ്രോ-വി.സി ഡോ. മോഹൻ ബി. മേനോൻ അധ്യക്ഷനായ സമിതിയിൽ കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം, മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷനിലെ പ്രഫ. കെ. അനിൽ കുമാർ, എം.ജി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സ്റ്റഡീസ് മേധാവി പ്രഫ. ജെ.വി. ആശ, കാസർകോട് കേരള കേന്ദ്രസർവകലാശാല എജുക്കേഷൻ വിഭാഗത്തിലെ പ്രഫ. സുരേഷ്, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ ഡോ.കെ.എസ്. സാജൻ എന്നിവർ അംഗങ്ങളുമാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ടീച്ചർ എജുക്കേഷൻ മേഖലയിലും മാറ്റം നിർദേശിച്ചിരുന്നു. ഇതുപ്രകാരം 2021ഒക്ടോബർ 22ന് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) നാലു വർഷ സംയോജിത ബിരുദ -ബി.എഡ് കോഴ്സ് നടത്തിപ്പിനുള്ള റെഗുലേഷൻ പുറത്തിറക്കുകയും ചെയ്തു. കേരളത്തിൽ നിലവിൽ കേന്ദ്രസർക്കാർ പരിധിയിൽ വരുന്ന കാസർകോട് കേന്ദ്രസർവകലാശാലയിലും കോഴിക്കോട് എൻ.ഐ.ടിയിലും നാലു വർഷ ബിരുദ -ബി.എഡ് കോഴ്സ് ആരംഭിച്ചിട്ടുണ്ട്.
2030ഓടെ നിലവിലുള്ള ടീച്ചർ ട്രെയിനിങ് കോളജുകൾ (ബി.എഡ് കോളജുകൾ) നാലു വർഷ കോഴ്സ് നടത്തുന്ന രീതിയിലേക്ക് മാറ്റണമെന്ന് എൻ.സി.ടി.ഇ റെഗുലേഷനിൽ വ്യവസ്ഥയുണ്ട്. പുതിയ രീതിയിലുള്ള കോഴ്സിന് എൻ.സി.ടി.ഇ അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്തതിനാൽ കേരളത്തിലെ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. റെഗുലേഷൻ നിലവിൽ വരുകയും വിവിധ സംസ്ഥാനങ്ങളിൽ നാലു വർഷ കോഴ്സ് ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തും നടപടികൾക്ക് തുടക്കമായത്.
പ്രവേശനത്തിന് 50 ശതമാനം മാർക്കിൽ പ്ലസ് ടു
എൻ.സി.ടി.ഇ പുറപ്പെടുവിച്ച റെഗുലേഷനിൽ കോഴ്സ് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
•50 ശതമാനത്തിൽ കുറയാതെ മാർക്കോടെ ഹയർസെക്കൻഡറി വിജയമാണ് യോഗ്യത
•എസ്.സി/ എസ്.ടി, ഒ.ബി.സി, ഭിന്നശേഷി, ഇ.ഡബ്ല്യു.എസ് മാർക്ക് ശതമാനത്തിൽ നിയമാനുസൃത ഇളവ്
•ദേശീയ തലത്തിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന അഭിരുചി പരീക്ഷ വഴി പ്രവേശനം
•പ്രവേശനത്തിന് കേന്ദ്രീകൃത കൗൺസലിങ്
•ബി.എ/ബി.എസ്.സി/ബി.കോം സ്ട്രീമുകളിൽ ഏതിൽ ചേരുന്നുവെന്ന് പ്രവേശന സമയത്ത് അറിയിക്കണം; ഒരു മാസം വരെ മാറ്റമാകാം
•സർക്കാർ/ സർവകലാശാല തലങ്ങളിൽ നിശ്ചയിക്കുന്ന ഫീസ് മാത്രം
രണ്ട് മേജർ വിഷയങ്ങളിൽ ഇരട്ട ഡിഗ്രി
നാലു വർഷ സംയോജിത കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് ലഭിക്കുന്നത് രണ്ട് മേജർ വിഷയങ്ങളിലുള്ള ഇരട്ട ഡിഗ്രിയായിരിക്കും. ഒരേ സമയം ബി.എ, ബി.എസ്സി, ബി.കോം പോലുള്ള ബിരുദ കോഴ്സുകൾക്കും ബി.എഡിനും പുതിയ കോഴ്സ് തുല്യമായിരിക്കും. കോഴ്സ് വിജയിച്ചാൽ മേജർ വിഷയത്തിൽ പി.ജിക്കും ചേരാം.
നാലു വർഷ കോഴ്സിൽ എട്ട് സെമസ്റ്ററാണ്. ഫീൽഡ് അനുഭവവും ടീച്ചിങ് പ്രാക്ടീസും ഉൾപ്പെടെയുള്ള ഇന്റേൺഷിപ്പും കോഴ്സിന്റെ ഭാഗമായിരിക്കും. കോഴ്സ് പൂർത്തിയാക്കാനുള്ള പരമാവധി കാലയളവ് പ്രവേശന തീയതി മുതൽ ആറു വർഷം വരെ ആയിരിക്കും. സെമസ്റ്ററിൽ 125 അധ്യയന ദിനങ്ങളും ആഴ്ചയിൽ 40 മണിക്കൂറും അടങ്ങിയിരിക്കും. വിദ്യാർഥിക്ക് ചുരുങ്ങിയത് 80 ശതമാനം ഹാജർ ഉണ്ടാകണം.
കേരളത്തിന് വെല്ലുവിളികൾ ഏറെ
നാലു വർഷ സംയോജിത കോഴ്സ് നടപ്പാക്കാൻ കേരളത്തിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. നിലവിൽ രണ്ടു വർഷ ബി.എഡ് കോഴ്സുകളാണ് ട്രെയിനിങ് കോളജുകളിൽ നടത്തുന്നത്. പുതിയ കോഴ്സ് നടത്താൻ കോളജുകളിൽ ഭൗതിക, അക്കാദമിക സൗകര്യം വർധിപ്പിക്കണം.
ഇതിനു വരുന്ന സാമ്പത്തിക ബാധ്യത സർക്കാറിനും സ്ഥാപനങ്ങൾക്കും വെല്ലുവിളിയാകും. നിലവിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നാലു വർഷ ബിരുദ -ബി.എഡ് കോഴ്സ് നടപ്പാക്കാനും ഇതേ വെല്ലുവിളിയുണ്ടാകും.