25 December 2024

ആപ്പിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് ഈ വര്‍ഷം ജൂണ്‍ പത്തിന് നടക്കാനിരിക്കുകയാണ്. ഐഒഎസ് 18 ഉള്‍പ്പടെ സുപ്രധാനമായ നിരവധി ഫീച്ചറുകളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. എഐ അധിഷ്ഠിത ഫീച്ചറുകള്‍ക്കായിരിക്കും ഇത്തവണത്തെ ഐഒഎസ് അപ്ഡേറ്റില്‍ പ്രാധാന്യം നല്‍കുകയെന്നാണ് വിവരം. ഐഒഎസ് 18 ല്‍ പുതിയ നിരവധി ഫീച്ചറുകള്‍ ഉണ്ടാവുമെന്നാണ് ബ്ലൂം ബെര്‍ഗിലെ ലേഖകനായ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്.

അതില്‍ പലതും എഐ അടിസ്ഥാനമാക്കിയുള്ളതാവും. എഐ രംഗത്ത് വലിയ മത്സരമാണ് നടന്നുവരുന്നത്. ഗൂഗിള്‍ ഇതിനകം ആന്‍ഡ്രോയിഡില്‍ വിവിധങ്ങളായ എഐ ഫീച്ചര്‍ അവതരിപ്പിച്ചുകഴിഞ്ഞു. എഐ ഉപയോഗിച്ച് സിറി വോയ്‌സ് അസിസ്റ്റന്റ്റ് സേവനം പരിഷ്‌കരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കൂടാതെ, എഐ ഉപയോഗിച്ച് കസ്റ്റം ഇമോജികള്‍ നിര്‍മിക്കാനുള്ള സൗകര്യവും ആപ്പ് ഐക്കണ്‍ കസ്റ്റമൈസേഷന്‍ സൗകര്യവും ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഐഒഎസ് 18 ലെ മെസേജിങ് സംവിധാനത്തില്‍ എഐ ഫീച്ചറുകളും ഉണ്ടാവുമെന്നാണ് ഗുര്‍മന്‍ പറയുന്നത്. കസ്റ്റമൈസ്ഡ് എഐ ഇമോജി ഫീച്ചര്‍ അതിലൊന്നാണ്. നിലവിലുള്ള ഇമോജി ലൈബ്രറിയ്ക്ക് പുറത്തായിരിക്കും കസ്റ്റമൈസ്ഡ് എഐ ഇമോജി. ഒരാള്‍ക്ക് ‘ഹാപ്പി ദീപാവലി’ എന്ന് സന്ദേശം അയച്ചാല്‍ അതുമായി ബന്ധപ്പെട്ട പുതിയൊരു ഇമോജി എഐ നിര്‍മിച്ചു നല്‍കും. ഐഒഎസ് 18 ലെ ഹോം സ്‌ക്രീനിലും അപ്‌ഗ്രേഡുകള്‍ വരുന്നുണ്ട്. നിലവിലെ ഗ്രിഡ് രീതിയില്‍ നിന്ന് മാറി ആപ്പ് ഐക്കണുകള്‍ സ്‌ക്രീനില്‍ എവിടെ വേണമെങ്കിലും വെക്കാന്‍ ഉപഭോക്താവിന് സാധിക്കും. ആപ്പ് ഐക്കണുകളുടെ നിറം മാറ്റാനും സൗകര്യമുണ്ടാവും. ഒരു വിഭാഗത്തില്‍ പെടുന്ന ആപ്പുകളെ പ്രത്യേക നിറം നല്‍കി വേര്‍തിരിക്കാനും സൗകര്യമുണ്ടാവും. ഈ അപ്ഗ്രേഡുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ജൂണ്‍ 10 ന് കമ്പനി നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!