ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാമത് എഡിഷന്‍ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. പൊതുതെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ പൂര്‍ണമായും ഇന്ത്യയില്‍ കളിനടത്തുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പ് തീയതികളും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാവും ബിസിസിഐ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക. ആദ്യ 15 ദിവസത്തേക്കുള്ള ഷെഡ്യൂള്‍ മാത്രമേ പ്രഖ്യാപിക്കൂവെന്നും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ബാക്കി മത്സരങ്ങള്‍ തീരുമാനിക്കുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ പറഞ്ഞു. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും ഇന്ത്യയില്‍ തന്നെയായിരുന്നു സംഘടിപ്പിച്ചത്.
കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും പോരടിക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവയാണ് ടീമുകള്‍.