ആരോപണ വിധേയനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സുജിത് ദാസിന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്നു. സുജിത് ദാസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. സുജിത് ദാസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാന്‍ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു.
അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി. അതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്ത വിവരം മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന കസ്റ്റംസ് യോഗത്തിലാണ് സുജിത്ത് ദാസിനെതിരെ അന്വേഷണത്തിന് തീരുമാനം എടുത്തത്. മരം മുറി പരാതി പിന്‍വലിക്കാന്‍ അന്‍വര്‍ എംഎല്‍എയോട് സുജിത് ദാസ് കെഞ്ചുന്ന ഓഡിയോ പുറത്തുവന്നിരുന്നു. എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതര അച്ചടക്ക ലംഘനമെന്നാണ് റിപ്പോര്‍ട്ട്. ഡി.ജി.പി എം.ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും മുന്‍ മലപ്പുറം എസ് പിയും, ഇപ്പോള്‍ പത്തനംതിട്ട എസ് പിയുമായ സുജിത് ദാസിനും എതിരെ കടുത്ത ആരോപണങ്ങളാണ് അന്‍വര്‍ പത്ര സമ്മേളനത്തില്‍ ഉന്നയിച്ചത്.