ടെഹ്‌റാന്‍: ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക്ക് തുറക്കാനുള്ള പദ്ധതിയുമായി ഇറാന്‍. ‘ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്ക്’ എന്നാണ് ഇതിന് പേരിട്ടിട്ടുള്ളത്. വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി ദരസ്താനിയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശാസ്ത്രീയവും മാനസികവുമായ ചികിത്സ ക്ലിനിക്ക് വാഗ്ദാനം ചെയ്യുമെന്ന് ദാരെസ്താനി പറഞ്ഞു. പദ്ധതിക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനുള്ള ക്ലിനിക്ക് എന്നത് ഇസ്ലാമിക ആശയമല്ലെന്നും അത് ഇറാനിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതികരിച്ചു.
സ്ത്രീ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ക്ലിനിക്കുകള്‍ തകര്‍ക്കുമെന്നും തടങ്കല്‍ കേന്ദ്രമായി ക്ലിനിക്ക് പ്രവര്‍ത്തിക്കുമെന്നും പലരും ഭയപ്പെടുന്നുണ്ട്. ‘ഇതൊരു ക്ലിനിക്കല്ല, ജയിലായിരിക്കും’, ഒരു ഇറാനിയന്‍ യുവതിയെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിജാബ് നിയമങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ തടഞ്ഞുവെക്കുകയും മാനസികരോഗാശുപത്രിയിലേക്ക് മാറ്റുകയുടെ ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇതുസംബന്ധിച്ച് ആശങ്കക പ്രകടിപ്പിച്ചിട്ടുണ്ട്.