25 December 2024

ടെല്‍ അവീവ്: ഗാസയില്‍ പലസ്തീനികള്‍ അഭയം തേടിയ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ 3 ബോംബ് ആക്രമണങ്ങളിലായി 15 പേര്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് റദ്‌വാനിലെ സ്‌കൂളിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്നു.

ആദ്യ ബോംബ് വീണ ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടര്‍ച്ചയായി ബോംബ് സ്‌ഫോടനം നടന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ അടക്കം 9 പേരും കൊല്ലപ്പെട്ടു.

ഇതിനിടെ, ശരീരത്തിന് തൊട്ടടുത്ത് നിന്നുണ്ടായ ആക്രമണത്തിലാണ് ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മായില്‍ ഹനിയേ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. ടെഹ്‌റാനില്‍ വച്ച് നടന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മായില്‍ ഹനിയേ ഇറാനിലെ ടെഹ്‌റാനില്‍ തന്റെ ഗസ്റ്റ്ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു. ബുധനാഴ്ചയുണ്ടായ സംഭവത്തില്‍ ഹനിയേയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു.

ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഹനിയേ ടെഹ്‌റാനിലെത്തിയത്. ഇസ്രായേല്‍ അമേരിക്കയുടെ സഹായത്തോടെ നടപ്പാക്കിയ ആക്രമണമാണെന്ന് ഇറാന്‍ ആരോപിച്ചു.എന്നാല്‍, ഇസ്രായേല്‍ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!