ഒരു കാര്യം എന്തായാലും ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞു. അത് ഇസ്രയേല്‍ ഇറാനെ ആക്രമിക്കും എന്നത് തന്നെയാണ്. അങ്ങനെ ഒരാക്രമണം ഉണ്ടായാല്‍ വന്‍ തിരിച്ചടി ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നതും ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത് നവംബര്‍ അഞ്ചിനാണ്. അതിന് ശേഷമാണ് ആക്രമണം ഉണ്ടാകുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
‘ഇറാനെതിരെ ഇസ്രയേല്‍ നടത്താന്‍ പോകുന്ന ആസൂത്രിതമായ വ്യോമാക്രമണങ്ങള്‍ ഇസ്രയേലിന്റെ സൈനികശക്തിയെ ലോകത്തിന് മനസ്സിലാക്കി കൊടുക്കുമെന്നാണ്’ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെടുന്നത്. ഇക്കാര്യം ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിന് ഇതുവരെ തിരിച്ചടി നല്‍കാന്‍ കഴിയാതിരുന്നത് ഇസ്രയേലിന് ലോകത്തിന് മുന്നില്‍ നാണക്കേട് ഉണ്ടാക്കിയതായാണ് ഇസ്രയേല്‍ ഭരണകൂടം കരുതുന്നത്.
അതുകൊണ്ട് തന്നെയാണ് അമേരിക്ക എതിര്‍പ്പറിയിച്ചിട്ടും പ്രതികാര നടപടിയുമായി ഇസ്രയേല്‍ മുന്നോട്ടുപോകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കും എന്നതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ആക്രമിക്കാനാണ് ഇസ്രയേല്‍ സൈന്യം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരം.
ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഒക്ടോബര്‍ 23ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യോമതാവളത്തില്‍ നേരിട്ടെത്തി സൈനികരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇസ്രയേലിനെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ശത്രുവും കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അവിടെവച്ച് യോവ് ഗാലന്റ് തുറന്നടിച്ചിരിക്കുന്നത്
ഇസ്രയേലിന്റെ ടാര്‍ഗെറ്റ് ലിസ്റ്റ് സംബന്ധമായി ഇതിനകംതന്നെ ഇസ്രയേല്‍ ഭരണകൂടവും അമേരിക്കയും തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇറാന്റെ എണ്ണ – വ്യവസായ ഇന്‍ഫ്രാസ്ട്രക്ചറിലോ അതിന്റെ ആണവ സംവിധാനത്തേയോ ആക്രമിക്കരുതെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ട് വച്ചിരിക്കുന്നത്. അത് എത്രത്തോളം ഇസ്രയേല്‍ അനുസരിക്കുമെന്നതില്‍ നിലവില്‍ അമേരിക്കയ്ക്ക് തന്നെ ആശങ്കയുണ്ട്.
ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്നതോടെ അതൊരു മൂന്നാം ലോക മഹായുദ്ധമായി മാറാനുള്ള സാധ്യതയും ഏറുകയാണ്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതുന്ന കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് തന്നെ വേണം ഈ ഘട്ടത്തില്‍ കരുതാന്‍
‘തങ്ങളുടെ രാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണത്തിനെതിരെയും വലിയ രൂപത്തില്‍ തിരിച്ചടിക്കുമെന്ന്’ ഇറാനും ഇതിനകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാവശ്യമായ തയ്യാറെടുപ്പുകളും ഇറാന്‍ സൈന്യം നടത്തിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കയുടെ പിന്‍ബലമില്ലാതെ, ഇസ്രയേലിന് എന്തായാലും ഇറാനോട് യുദ്ധം ചെയ്യാന്‍ സാധിക്കുകയില്ല. ഇസ്രയേലിന് ആവശ്യമായ ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കയാണ്. അതേസമയം, ഇസ്രയേല്‍ ടെക്നോളജി ഉപയോഗിക്കുന്ന അമേരിക്കയ്ക്ക് അവരെ കൈവിടാനും കഴിയുകയില്ല. അങ്ങനെ പിന്‍മാറിയാല്‍ ‘പണികിട്ടുക’ അമേരിക്കയ്ക്ക് കൂടിയാണ്. അമേരിക്ക അവരുടെ രാജ്യത്തിന്റെ ഭാഗമായി തന്നെ ഇസ്രയേലിനെ കാണുന്നതിനാല്‍ അവര്‍ക്കൊപ്പം തന്നെ അവസാനം വരെയും നില്‍ക്കും. ഈ കമ്മിറ്റ്മെന്റ് ഉള്ളതുകൊണ്ടാണ് കപ്പല്‍ പടയും വന്‍ സൈനിക സന്നാഹങ്ങളും, ഇസ്രയേലിലേക്ക് അമേരിക്ക അയച്ചിരിക്കുന്നത്. ഇസ്രയേലിന്റെ അയണ്‍ ഡോം പരാജയപ്പെട്ടിടത്ത് പ്രതിരോധ കവചം തീര്‍ക്കാനാണ് താഡ് സംവിധാനത്തെ ഇസ്രയേലില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ഇതെല്ലാം എത്രമാത്രം ഫലപ്രാപ്തിയില്‍ എത്തുമെന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.
ഇറാന്‍ അയച്ച മിസൈലുകള്‍ ഇസ്രയേലിന്റെ ഒരു വ്യോമതാവളത്തില്‍ പതിച്ചതാണ് ഇസ്രയേലിന്റെ പക വര്‍ദ്ധിക്കാന്‍ കാരണം. ഇതിന് പിന്നാലെ ഇറാന്‍ അനുകൂല സംഘടനയായ ഹിസ്ബുള്ള അയച്ച ഡ്രോണ്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ബെഡ് റൂമില്‍ പതിച്ചതും ഇസ്രയേലിന്റെ സമനില തെറ്റിച്ചിട്ടുണ്ട്. അയണ്‍ ഡോമും, താഡും എല്ലാം തീര്‍ത്ത സുരക്ഷാ കവചം പൊട്ടിച്ചാണ്, ഈ ആക്രമണം അരങ്ങേറിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ ഏതൊക്കെ രൂപത്തില്‍ തിരിച്ചടിയുണ്ടാകും എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതായിരിക്കും.
ഒരു കാര്യം എന്തായാലും ഉറപ്പാണ് ഗാസയിലും ലെബനനിലും ഇസ്രയേല്‍ നടത്തിയ ആക്രമണം പോലെ ഏകപക്ഷീയമായ റിസള്‍ട്ടല്ല ഇറാനെ ആക്രമിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നത്. അമേരിക്ക ഇസ്രയേലിനൊപ്പം രംഗത്തിറങ്ങിയാല്‍ പോലും ഇറാനെ യുദ്ധം ചെയ്ത് തോല്‍പ്പിക്കുക അസാധ്യമാണ്. ഭൂമിശാസ്ത്രപരമായ ഘടന തന്നെ ഇറാനെ സംരക്ഷിച്ച് നിര്‍ത്തുന്നതാണ്. അവിടെ കയറുന്ന ശത്രുക്കള്‍ യഥാര്‍ത്ഥത്തില്‍ വലിയ കെണിയിലാണ് വീഴാന്‍ പോകുന്നത്. ടെക്നോളജിയില്‍ ഇസ്രയേലും അമേരിക്കയും കേമന്‍മാരാണെങ്കില്‍ സൈനികരുടെ പോരാട്ടവീര്യത്തില്‍ പേര്‍ഷ്യന്‍ പോരാളികളായ ഇറാന്‍ സൈനികരാണ് മുന്നിലുള്ളത്. ഇതിനെല്ലാം പുറമെ, യുദ്ധം പൊട്ടിപുറപ്പെട്ടാല്‍ ലോകത്തിലെ പല രാജ്യങ്ങളിലും സംഘര്‍ഷം പൊട്ടിപുറപ്പെടുമെന്നതും അമേരിക്കന്‍ ചേരിക്ക് ഭീഷണിയാണ്.
തായ് വാനെ ചൈന പിടിച്ചെടുക്കാന്‍ പോകുന്നതും ദക്ഷിണ കൊറിയയെ ഉത്തരകൊറിയ ആക്രമിക്കാന്‍ പോകുന്നതുമെല്ലാം ഈ ഘട്ടത്തിലായിരിക്കും. യുക്രെയിനെ പൂര്‍ണ്ണമായി പിടിച്ചെടുത്ത് റഷ്യയും അമേരിക്കയെ വെട്ടിലാക്കും. ഇതോടെ പ്രതിരോധത്തിലാകാന്‍ പോകുന്നത് അമേരിക്കയും, അവരുടെ സഖ്യകക്ഷികളുമാണ്. തായ് വാനെ ചൈന പിടിച്ചെടുക്കുന്നതും, ദക്ഷിണകൊറിയ ആക്രമിക്കപ്പെടുന്നതുമെല്ലാം അമേരിക്കയ്ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരിക്കും. അമേരിക്കയെ വിശ്വസിച്ച് മാത്രം മുന്നോട്ട് പോകുന്ന സഖ്യകക്ഷികള്‍ ചേരിമാറാനും ഇത്തരം തിരിച്ചടികള്‍ കാരണമാകും. ഇപ്പോള്‍ തന്നെ അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമായ തുര്‍ക്കി, റഷ്യയും ചൈനയും ഇന്ത്യയും നേതൃത്വം നല്‍കുന്ന ബ്രിക്സ് കൂട്ടായ്മയില്‍ എത്തിക്കഴിഞ്ഞു. ഇറാന്‍ കൂടി അംഗമായ കൂട്ടായ്മയാണ് ഇതെന്നതും നാം ഓര്‍ക്കണം. ഇസ്രയേല്‍ ഇറാനെ ആക്രമിക്കരുതെന്ന് പരസ്യമായി തന്നെ തുര്‍ക്കിയും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ജി 7 നെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ കൂട്ടായ്മ ആയാണ് ബ്രിക്സ് ഇപ്പോള്‍ മാറിയിരിക്കുന്നത്.
റഷ്യയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ വച്ച് ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം കൂടി പരിഹരിക്കപ്പെട്ടതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട്. ഇനി പഴയ ശത്രുത പറഞ്ഞ് ചൈനയ്ക്കെതിരെ ഇന്ത്യയെ ഒരു ‘ടൂളാക്കാന്‍’ അമേരിക്കയ്ക്ക് എന്തായാലും കഴിയുകയില്ല.
രാജ്യത്തിനെതിരെ നിരന്തരം പ്രവര്‍ത്തിക്കുന്ന സിഖ് ഭീകരരെ സംരക്ഷിക്കുന്ന കാനഡയെ നിലയ്ക്ക് നിര്‍ത്താന്‍ തയ്യാറാവാത്ത അമേരിക്കയോടുള്ള. ഇന്ത്യയുടെ മധുരമായ പ്രതികാരം കൂടിയാണിത്. ചൈനയുമായുള്ള ഏത് തര്‍ക്കവും പരിഹരിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് ഇന്ത്യയ്ക്ക് വാക്ക് നല്‍കിയതും അതിന് മുന്‍കൈ എടുത്തതുമെല്ലാം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനാണ്. ഈ ഇടപെടലിന്റെ ഭാഗമായാണ് ഒത്തുതീര്‍പ്പും സംഭവിച്ചിരിക്കുന്നത്. ഇവിടെ പുതിയ ഒരു ലോകക്രമത്തിനാണ് തുടക്കമായിരിക്കുന്നത്.
ശത്രുരാജ്യങ്ങള്‍ക്ക് ചുറ്റും തീയിട്ട് മുതലെടുപ്പ് നടത്താന്‍ പഴയപോലെ ഇനി അമേരിക്കയ്ക്ക് എന്തായാലും കഴിയുകയില്ല. തായ് വാനെ ചൈന പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ നോക്കിനില്‍ക്കാന്‍ മാത്രമേ തല്‍ക്കാലം അവര്‍ക്ക് കഴിയൂ.
ഒരേസമയം… സഖ്യകക്ഷികളായ ദക്ഷിണ കൊറിയ, തായ് വാന്‍, യുക്രെയിന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ യുദ്ധമുഖത്തേക്ക് എത്തപ്പെടുമ്പോള്‍ അവരെ സംരക്ഷിക്കാനും അവര്‍ക്ക് വേണ്ടി പോരാടാനും ആയുധങ്ങള്‍ വിതരണം ചെയ്യാനും എല്ലാം… അമേരിക്കയുടെ പക്കല്‍ അത്ഭുതസിദ്ധി ഒന്നുമില്ലെന്നതും നാം തിരിച്ചറിയണം. പഴയ പ്രതാപത്തിന്റെ കരുത്തില്‍ മാത്രമാണ് അമേരിക്ക ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത്. ഇതെല്ലാം ചീട്ടുകൊട്ടാരം പോലെ വീണ് തരിപ്പണമാകാന്‍ അധികം സമയമൊന്നും വേണ്ടിവരില്ല. തിരിച്ച് ഒരു ആണവബോംബും വീഴില്ലെന്ന ഒറ്റ ഉറപ്പിലാണ് പണ്ട് ജപ്പാനില്‍ അമേരിക്ക അത് പ്രയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ കാലത്ത് അതല്ല സ്ഥിതി. കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയക്ക് വരെ ആണവായുധമുള്ള കാലമാണിത്. അമേരിക്ക ചിന്തിക്കുന്നതിന് മുന്‍പ് അവരത് പ്രയോഗിച്ചിരിക്കും. അതാണ് അവസ്ഥ. അതുകൊണ്ട്, ഇസ്രയേല്‍ ആയാലും അമേരിക്കയായാലും സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്. ലോകജനത ആഗ്രഹിക്കുന്നതും അതു തന്നെയാണ്