ഗസ്സ സിറ്റി: 1948ന് ശേഷം ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ട വർഷമാണ് 2023 എന്ന് ഫലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്. കണക്കുപ്രകാരം 2023ൽ 22,404 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 22,141 പേരും ഒക്ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടതാണെന്നും സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 9,000 കുട്ടികളും 6,450 സ്ത്രീകളും ഇതിലുൾപ്പെടുന്നു. 319 പേർ കൊല്ലപ്പെട്ടത് വെസ്റ്റ് ബാങ്കിലാണ്.
ഫലസ്തീനികൾ സ്വന്തം ഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നത് അംഗീകരിക്കില്ലെന്നും അവർ ഉറച്ചുനിൽക്കുമെന്നും ന്യായമായ അവകാശങ്ങൾക്കായി നിലകൊള്ളുമെന്നും കഴിഞ്ഞ ദിവസം ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചിരുന്നു. ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ അംഗീകരിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, പുതുവർഷ രാത്രിയിലും ഗസ്സക്കുമേൽ ഇസ്രായേൽ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഖാൻ യൂനിസിലെ ബീച്ച് സ്ട്രീറ്റിൽ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. കിഴക്കൻ ഗസ്സയിലെ സെയ്തൂനിൽ ഒരു കൂട്ടം സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു.
ഇന്നലെ മധ്യ ഗസ്സയിലെ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ അഖ്‌സ പള്ളി മുൻ ഇമാം ഡോ. യൂസുഫ് സലാമ (68) കൊല്ലപ്പെട്ടിരുന്നു. ഫലസ്തീൻ ഔഖാഫ് മുൻ മതകാര്യ മന്ത്രി കൂടിയായിരുന്നു യൂസുഫ് സലാമ.
നുസെയ്റത്ത് അഭയാർഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.