ഗസ്സ: ഇസ്രായേൽ സൈന്യം വളഞ്ഞ ഗസ്സയിലെ ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു. ജെറീസ് സയേഗ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകനും ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനുമായ, വാഷിങ്ടൺ ഡിസിയിൽ താമസിക്കുന്ന ഖലീൽ സയേഗാണ് മരണവിവരം പുറത്തുവിട്ടത്. പട്ടിണിക്കിട്ടും വൈദ്യസഹായം നിഷേധിച്ചും സാധാരണക്കാരെ കൊല്ലാക്കൊല ചെയ്യുന്ന ശത്രുവിനെതിരെ പോരാടുന്ന ഗസ്സയിലെ എന്റെ കുടുംബത്തെ കാണുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം എന്ന് ഖലീൽ സയേഗ് എക്സിൽ കുറിച്ചു.
‘‘ക്രിസ്തുവിനെ മാതൃകയായി സ്വീകരിച്ച എന്റെ അച്ഛൻ എല്ലാവരെയും സ്നേഹിക്കാനും ക്ഷമിക്കാനും ജീവിതത്തിൽ ഒരിക്കലും പ്രതികാരത്തിന് ഇടം നൽകാതിരിക്കാനുമാണ് പഠിപ്പിച്ചത്. ഗസ്സയിൽ ഇസ്രായേൽ വംശീയ ഉന്മൂലനം നടത്തുകയാണ്. പ്രദേശം പൂർണമായും കൈവശപ്പെടുത്താനാണ് അവരുടെ പദ്ധതി. മാനുഷിക ദുരന്തം എത്രത്തോളം കൂടുതൽ വഷളാക്കുന്നുവോ അത്രയധികം ആളുകൾ അവിടെനിന്ന് പോകാനുള്ള സാധ്യതയുണ്ട്. വടക്കൻ ഗസ്സയിൽ ഒന്നുപോലും ബാക്കിയാക്കാതെ എല്ലാ ആശുപത്രികളും നശിപ്പിച്ചത് വംശീയ ഉന്മൂലനത്തിനുള്ള തെളിവല്ലാതെ മറ്റെന്താണ്?’’ -അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം രണ്ട് ക്രിസ്ത്യൻ സ്ത്രീകളെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത് ഇവിടെയാണ്. അന്ന് വെടികൊണ്ട ഏഴുപേരിൽ ഒരാൾ ചികിത്സ ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ സൈന്യം ചർച്ച് ഉപരോധിക്കുകയാണ്. വീടുകൾ തകർന്ന ഗസ്സയിലെ ക്രൈസ്തവർ അഭയം തേടിയ ഈ പള്ളിയിൽ 54 അംഗപരിമിതരുമുണ്ട്.
ഹോളി ഫാമിലി ചർച്ചിൽ കുടുങ്ങിക്കിടക്കുന്ന തന്റെ ബന്ധുക്കൾ മരണത്തെ മുഖാമുഖം കണ്ടാണ് കഴിയുന്നതെന്ന് ഫലസ്തീൻ വംശജയും ബ്രിട്ടീഷ് പാർലമെന്റംഗവുമായ ലൈല മോറൻ പറഞ്ഞു.