ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ദക്ഷിണാഫ്രിക്കയുടെ പേസര്‍ കാഗിസോ റബാഡയെ പിന്തള്ളിയാണ് ബുംറയുടെ മടങ്ങിവരവ്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് ബുംറ ഒന്നാം സ്ഥാനത്തെത്തുന്നത്.
പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ അവിസ്മരണീയമായ പ്രകടത്തിനൊടുവില്‍ എട്ടു വിക്കറ്റുകള്‍ നേടിയതോടെയാണ് ബുംറ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി തുടങ്ങുന്നതിന് മുമ്പ് റബാഡക്കും ജോഷ് ഹേസ്ല്‍വുഡിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ബുംറ.
ഡര്‍ബനില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ നയിക്കുന്ന കാഗിസോ റബാഡ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 5 വിക്കറ്റ് നേട്ടമുണ്ടാക്കിയിട്ടും ജോഷ് ഹേസ്ല്‍വുഡ് ഒരു സ്ഥാനം താഴ്ന്ന് മൂന്നാമതെത്തി.
ഫെബ്രുവരി ആദ്യമാണ് ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറായി ജസ്പ്രീത് ബുംറ മാറിയത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ബൗളിംഗ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയതിന് ശേഷം ഒക്ടോബറിലും ബുംറ ചെറിയൊരു കാലയളവിലേക്ക് ഒന്നാം സ്ഥാനത്തെത്തി.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ബുംറ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ എട്ട് വിക്കറ്റുകള്‍ നേടിയാണ് ബുംറ ഓസ്ട്രേലിയയെ തകര്‍ത്തത്.
ഐസിസി ടെസ്റ്റ് റാങ്കിങ് ഇങ്ങനെ: 1. ജസ്പ്രീത് ബുംറ 883 2. കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക): 872, 3. ജോഷ് ഹേസ്ല്‌വുഡ് (ഓസ്ട്രേലിയ): 860, 4. രവിചന്ദ്രന്‍ അശ്വിന്‍ (ഇന്ത്യ): 807 , 5. പ്രഭാത് ജയസൂര്യ (ശ്രീലങ്ക): 801 , 6. പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ): 796 , 7. രവീന്ദ്ര ജഡേജ (ഇന്ത്യ): 794, 8. നഥാന്‍ ലിയോണ്‍ (ഓസ്ട്രേലിയ): 782, 9. നൊമാന്‍ അലി (പാകിസ്ഥാന്‍): 759 , 10. മാറ്റ് ഹെന്റി (ന്യൂസിലന്‍ഡ്): 750