കോട്ടയം: ജസ്‌ന മുണ്ടക്കയം വിട്ടുപോയതായി കരുതുന്നില്ലെന്ന് പിതാവ് ജയിംസ്. ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഒരു തവണയെങ്കിലും ബന്ധപ്പെട്ടേനെയെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമമുണ്ടായെന്നും ലവ് ജിഹാദ് ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അവളുടെ കൈവശം ആധാറില്ല, പാന്‍കാര്‍ഡ് ഇല്ല, അക്കൗണ്ടില്‍ നിന്ന് പണം മാറിയിട്ടുമില്ല. പിന്നെ എങ്ങനെ പുറത്തുപോകുമെന്ന് പിതാവ് ചോദിച്ചു. മകളെ കാണാതായത് മുതല്‍ താന്‍ തന്നെ ഒരു ടീമുണ്ടാക്കി സമാന്തരമായി അന്വേഷണം നടത്തിയിരുന്നു. അതില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ കോടതിയെ അറിയിക്കും. ജീവനോടെ ഉണ്ടെങ്കില്‍ ഒരിക്കലെങ്കിലും ജസ്‌ന തന്നെ ബന്ധപ്പെട്ടേനെയെന്നും ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായും മുണ്ടക്കയം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തേണ്ടതെന്നും പിതാവ് പറഞ്ഞു.
19ാം തീയതി കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനോട് ഹാജരകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് ദിവസം കോടതിയില്‍ ഹാജരാകും. അവരെ കൂടി കേട്ടശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന് ജയിംസ് പറഞ്ഞു.
അന്വേഷണം അവസാനിപ്പിക്കുന്ന സിബിഐ തീരുമാനത്തെ എതിര്‍ത്ത് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്‌ന ജീവിച്ചിരിക്കുന്നതായി കരുതുന്നില്ലെന്ന് ജയിംസ് വ്യക്തമാക്കിയത്. ജസ്‌ന മരിച്ചിരിക്കാമെന്ന സംശയമാണ് ഹര്‍ജിയില്‍ പിതാവ് പ്രകടിപ്പിക്കുന്നത്. അജ്ഞാത സുഹൃത്തുമായുള്ള ബന്ധമാണ് അതിന് കാരണമായി പറയുന്നത്. എല്ലാ വ്യാഴാഴ്ചയും ജസ്‌ന വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി ഒരു പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ പോകാറുണ്ടായിരുന്നു. അവിടെ വച്ചാണ് സുഹൃത്തിനെ പരിചയപ്പെട്ടത്. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. അതിനാല്‍ ജസ്‌ന പോയത് ഈ സുഹൃത്തിനൊപ്പമാവാമെന്നും പിതാവ് പറയുന്നു.