തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട ജോയിക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. നേവിയുടെ സ്‌കൂബ സംഘം തെരച്ചിലില്‍ ഭാഗമാകും. ഫയര്‍ഫോഴ്‌സും എന്‍ഡിഎര്‍എഫും പരിശോധനയില്‍ ഭാഗമാകും. മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന സാഹചര്യത്തില്‍ ഇന്ന് ഡൈവിങ് ഉണ്ടാവില്ല.
തോടില്‍ ജോയിയെ കാണാതായ ഭാഗത്ത് തടയിണ കെട്ടി വെള്ളം നിറയ്ക്കും. തുടര്‍ന്ന് തടയിണ പൊളിച്ച് പ്ലാസ്റ്റിക് ഉള്‍പ്പെടെ വളരെ വേഗത്തില്‍ ഒഴുക്കിവിടും. മാലിന്യങ്ങള്‍ തന്നെയാണ് ദൗത്യത്തിന് തടസമായി നില്‍ക്കുന്നത്. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ നിന്ന് ഒരു കവര്‍ പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്‌കൂബ ടീം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
‘രക്ഷാദൗത്യം പെട്ടെന്നൊന്നും നടക്കില്ല. മാലിന്യം ഒന്നരമീറ്ററോളം പൊക്കമുള്ള ബ്ലേക്ക് ആയി കിടക്കുകയാണ്. ചെളി കൂടെ ചേര്‍ന്നുകിടക്കുന്നു. ഫുള്‍ പവറില്‍ വെള്ളം അടിച്ചിട്ട് പോലും അത് കിട്ടുന്നില്ല ഓരോ കഷ്ണങ്ങളായി ഇളക്കി മാറ്റേണ്ടി വരും. കവര്‍പോലും ഇളകുന്നില്ല’ എന്നാണ് ഏറ്റവും ഒടുവില്‍ സ്‌കൂബ ടീം പ്രതികരിച്ചത്. റോബോട്ടിക് പരിശോധനയില്‍ മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്ന സംശയമുണ്ടായെങ്കിലും പിന്നീട് ഇത് മനുഷ്യ ശരീരമല്ലെന്ന് കണ്ടെത്തിയിരുന്നു. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അധികൃതര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. തലസ്ഥാനത്ത് ഇപ്പോള്‍ അതിശക്തമായ മഴ തുടരുകയാണ്. എന്നാല്‍ രക്ഷാദൗത്യത്തെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്ന് ദൗത്യ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.