കൊച്ചി: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. അമിക്കസ് ക്യൂറി സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.
ശുചീകരണ തൊഴിലാളി ജോയി മരിച്ചത് നിര്‍ഭാഗ്യകരം എന്ന് പറഞ്ഞ കോടതി, അന്യോന്യം പഴിപറയാനുള്ള സമയമല്ല ഇതെന്നും തോട്ടില്‍നിന്ന് എത്രയും വേഗം മാലിന്യം നീക്കണമെന്നും പറഞ്ഞു.
റെയില്‍വേയുടെ സ്ഥലത്തെ മാലിന്യം റെയില്‍വേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോര്‍പ്പറേഷനും ഉറപ്പുവരുത്തണം. വര്‍ഷങ്ങളായുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് വെള്ളത്തിന്റെ കറുത്ത നിറത്തിന്റെ കാരണം.
അമിക്കസ് ക്യൂറി സംഭവസ്ഥലം സന്ദര്‍ശിക്കണമെന്നും യാത്രാസൗകര്യം റെയില്‍വേയും താമസവും നഗരത്തിലെ യാത്ര അടക്കമുള്ള കാര്യങ്ങളും സര്‍ക്കാരോ കോര്‍പറേഷനോ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
റെയില്‍വേ, തിരുവനന്തപുരം കോര്‍പറേഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ അടുത്തതവണ കേസ് പരിഗണിക്കുന്ന ജൂലൈ 26ന് മുന്‍പു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.