സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി ശബരി കെറൈസ് ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി 39,053 റേഷന്‍ കാര്‍ഡ് ഉടമകളാണ് ശബരി കെറൈസ് വാങ്ങിയിരിക്കുന്നത്. ഇതുവരെ 195 ടണ്‍ അരി വിതരണം ചെയ്തിട്ടുണ്ട്.
ആദ്യ ഘട്ട വിപണനത്തിനായി 2000 മെട്രിക് അരിയാണ് പര്‍ച്ചേസ് ചെയ്തിട്ടുള്ളത്. ഇതില്‍ 1,100 മെട്രിക് ടണ്‍ സപ്ലൈകോയുടെ 56 ഡിപ്പോകളില്‍ എത്തിയിട്ടുണ്ട്. ശനിയാഴ്ചക്കുള്ളില്‍ മുഴുവന്‍ അരിയും വിതരണത്തിനായി ലഭ്യമാകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. സപ്ലൈകോയുടെ 1600ലധികം വില്‍പ്പനശാലകളിലൂടെയാണ് ശബരി കെറൈസ് വിതരണം ചെയ്യുന്നത്.
സപ്ലൈകോയുടെ 70 ശതമാനം ഔട്ട്‌ലെറ്റുകളില്‍ ഇതിനോടകം ശബരി കെറൈസിന്റെ വിതരണം ആരംഭിച്ചിട്ടുണ്ട്. അരിക്ക് പുറമേ, മറ്റു സബ്‌സിഡി ഉല്‍പ്പന്നങ്ങളും ഉടന്‍ തന്നെ സപ്ലൈകോ വില്‍പ്പനശാലകളില്‍ എത്തിക്കുന്നതാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കിയേക്കും. നിലവില്‍, ‘സപ്ലൈകോ ഗോള്‍ഡന്‍ ഓഫര്‍’ എന്ന പേരില്‍ പ്രത്യേക സ്‌കീം ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ സ്‌ക്രീം പ്രകാരം, വെള്ളക്കടല, ഉലുവ, ഗ്രീന്‍പീസ്, കടുക്, പിരിയന്‍ മുളക് തുടങ്ങിയ 15 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവിപണിയെക്കാള്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്നതാണ്.