ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ കെ സുധാകരന്‍. ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരന്‍ ആവര്‍ത്തിച്ചു. ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ആദ്യം ചര്‍ച്ച നടത്തിയത് ഗള്‍ഫില്‍ വെച്ചാണ്. ഗവര്‍ണര്‍ സ്ഥാനത്തെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. രാജീവ് ചന്ദ്രശേഖറും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിന്‍വലിഞ്ഞു. പാര്‍ട്ടിയില്‍ ഇ പി ജയരാജന്‍ അസ്വസ്ഥനാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇ പി ജയരാജന്‍ ബിജെപിയില്‍ പോകും. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതില്‍ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇ പി പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് പോകുമെന്ന് പറയുന്ന ഇപി ജയരാജന്റെ പ്രസ്താവന വിവരക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനേക്കാള്‍ വാശിയുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. മുന്നണി സംവിധാനത്തില്‍ ഒരു അസ്വസ്ഥതയും മുസ്ലിം ലീഗിനില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. സുധാകരന്റെ രാഷ്ട്രീയ വിശ്വാസ്യതയില്‍ സംശയം ഉന്നയിച്ചായിരുന്നു ഇടതിന്റെ പ്രചാരണം.
സുധാകരന്റെ അടുപ്പക്കാര്‍ ബിജെപിയില്‍ പോയത് ഇടതുമുന്നണി ആയുധമാക്കി. എന്നാല്‍ താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. എന്നാല്‍ വളര്‍ത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയില്‍ പോകില്ലെന്നുമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജന്റെ പ്രതികരണം.