കണ്ണൂര്‍: കല്യാശേരി എംഎല്‍എ എം വിജിനും കണ്ണൂര്‍ ടൗണ്‍ പൊലീസും തമ്മിലുള്ള തര്‍ക്കത്തില്‍ എസ്‌ഐ ഷമീലിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം നടത്തിയ എസിപി രത്‌നകുമാര്‍ റിപ്പോര്‍ട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ഷമീല്‍ പെരുമാറിയതെന്നും എസ്‌ഐയുടെ പെരുമാറ്റമാറ്റമാണ് സ്ഥിതി വഷളാകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എംഎല്‍എ ആണെന്ന് അറിഞ്ഞതിനു ശേഷവും എസ്‌ഐ മോശമായി പെരുമാറുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കളക്ട്രേറ്റ് ഗേറ്റില്‍ സുരക്ഷ ഒരുക്കാത്തതും വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌ഐ മോശമായി പെരുമാറിയെന്ന് എം വിജിന്‍ എംഎല്‍എ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
തന്നോട് അപമ്യാദയോടെ പെരുമാറുകയും പ്രോട്ടോക്കോള്‍ പാലിക്കാതിരിക്കുകയും ചെയ്ത ടൗണ്‍ എസ്‌ഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് എം വിജിന്‍ എംഎല്‍എ പരാതി നല്‍കിയത്. പൊലീസിന്റെ സുരക്ഷാവീഴ്ച മറച്ചുവെക്കാനാണ് എസ്‌ഐയുടെ ശ്രമമെന്നും വിജിന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ രത്‌നകുമാര്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.
കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്‌സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായത്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിജിന്‍. സിവില്‍ സ്റ്റേഷനില്‍ വളപ്പില്‍ സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. സിവില്‍ സ്റ്റേഷന്‍ പ്രധാന കവാടത്തില്‍ മാര്‍ച്ച് അവസാനിപ്പിക്കുന്നതിന് പകരം സിവില്‍ സ്റ്റേഷന്‍ വളപ്പിനുള്ളിലാണ് മാര്‍ച്ച് അവസാനിപ്പിച്ചത്.
കളക്ട്രേറ്റ് വളപ്പിലേക്ക് കടന്ന ഉദ്ഘാടകനായ എംഎല്‍എ ഉള്‍പ്പെടെയുള്ള സമരക്കാരുടെ പേര് എഴുതി എടുക്കാന്‍ പൊലീസ് ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. കളക്ട്രേറ്റ് വളപ്പില്‍ കടന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ടൗണ്‍ എസ്‌ഐയുടെ ഭീഷണിയായിരുന്നു എംഎല്‍എയും പൊലീസും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ കാരണം. പിണറായി വിജയന്റെ പൊലീസിന് പേരുദോഷം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കേണ്ടെന്നും കണ്ണൂര്‍ ടൗണ്‍ എസ്‌ഐയോട് വിജിന്‍ എംഎല്‍എ താക്കീത് നല്‍കിയിരുന്നു.